മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പ്രീസീസൺ വിജയത്തോടെ തന്നെ അവസാനിപ്പിച്ചു. ഇന്ന് പ്രീസീസണിലെ അവസാന മത്സരത്തിൽ എ സി മിലാനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു യുണൈറ്റഡിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിൽ ഡി ഹിയ ആണ് യുണൈറ്റഡിനെ രക്ഷിച്ചത്.
കളി മികച്ച രീതിയിൽ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിലൂടെ ലീഡ് എടുത്തതായിരുന്നു. എന്നാൽ ലീഡ് എടുത്ത ശേഷം മാഞ്ചസ്റ്ററിന്റെ നിലവാരം താഴ്ന്നു. ഈ സമയത്ത് മികച്ചൊരു സ്ട്രൈക്കിലൂടെ സുസോ മിലാനെ ഒപ്പം എത്തിച്ചു. പിന്നീട് മിലാനായിരുന്നു കളിയിൽ മികച്ചു നിന്നത്. രണ്ടാം പകുതിയിൽ ഒരു കോർണറിൽ നിന്ന് സെൽഫ് ഗോളിലൂടെ മിലാൻ ലീഡും എടുത്തു
പിന്നീട് ഒരുപാട് മാറ്റങ്ങൾ വരുത്തിയ യുണൈറ്റഡ് ലിംഗാർഡിലൂടെ സ്കോർ 2-2 എന്നാക്കി. ഗോമസ്, ഗ്രീൻവുഡ്, ജെയിംസ് എന്നീ യുവതാരങ്ങളുടെ മികവിൽ കളിയുടെ അവസാനത്തിൽ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. പെനാൽട്ടി ഷൂട്ടൗട്ടിൽ 5-4നാണ് യുണൈറ്റഡ് വിജയിച്ചത്.
ഇറ്റാലിയൻ ഇതിഹാസം മാൾഡിനിയുടെ മകൻ ഡാനിയൽ മാൾഡിനി എടുത്ത കിക്ക് സേവ് ചെയ്ത് കൊണ്ട് ഡി ഹിയ ആണ് യുണൈറ്റഡിന് വിജയം നൽകിയത്. പ്രീസീസണിൽ യുണൈറ്റഡ് കളിച്ച ആറ് മത്സരങ്ങളും വിജയിച്ചു. പ്രീമിയർ ലീഗിൽ ചെൽസിക്ക് എതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരം.