ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ ചെൽസിക്ക് ജയം. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ചെൽസി വിജയം കണ്ടെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1ന് തുല്ല്യത പാലിച്ചതിനെ തുടർന്ന് നടന്ന ഷൂട്ട് ഔട്ടിൽ 5-4നാണ് ചെൽസി വിജയം സ്വന്തമാക്കിയത്. പുതിയ പരിശീലകന് കീഴിൽ ചെൽസിയുടെ രണ്ടാമത്തെ വിജയം ആയിരുന്നു.
മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ ചെൽസി കാഴ്ചവെച്ചത്. അതിന്റെ പ്രതിഫലമെന്നോണം മത്സരത്തിന്റെ തുടക്കത്തിൽ ചെൽസി ഗോൾ നേടി. പെഡ്രോയാണ് ചെൽസിയുടെ ഗോൾ നേടിയത്. മൊറാട്ടയുടെ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച റീബൗണ്ട് പന്ത് വലയിലേക്ക് തട്ടിയിടേണ്ട കാര്യം മാത്രമേ പെഡ്രോക്ക് ഉണ്ടായിരുന്നുള്ളു.
തുടർന്ന് ഒരു പിടി മാറ്റങ്ങളുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ ചെൽസിയെ ഇന്റർ മിലാൻ സമനിലയിൽ പിടിച്ചു. ഗാഗ്ലിയാർഡിനിയാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്റർ മിലൻറെ സമനില ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകൾക്കും ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല.
തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് മത്സരത്തിലെ വിജയികളെ തീരുമാനിച്ചത്. ഇന്റർ മിലൻ നിരയിൽ പെനാൽറ്റി എടുത്ത സ്‌ക്രിനിയക്ക് പിഴച്ചതോടെ ചെൽസി വിജയം ഉറപ്പിക്കുകയായിരുന്നു. 5-4 എന്ന സ്കോറിനാണ് ചെൽസി വിജയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial