ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ തോൽപ്പിച്ച് ബയേൺ മ്യൂണിക്

Staff Reporter

ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിൽ എ.സി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ബയേൺ മ്യൂണിക്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളിൽ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഗോൾ നേടിയ ഗോറെസ്‌കെയുടെ ഗോളാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. അടുത്ത ചൊവ്വാഴ്ച നടക്കുന്ന സെമി ഫൈനലിൽ ബയേൺ മ്യൂണിക് തുർക്കി ക്ലബായ ഫെനബാച്ചയെ നേരിടും.

രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച എ.സി മിലാൻ പക്ഷെ ഗോൾ നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. പുതിയ പരിശീലകൻ മാർക്കോ ഗിയാംപൗളോയുടെ കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ എ.സി മിലാന് തോൽക്കാനായിരുന്നു വിധി. കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ ഗട്ടൂസോ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ഗിയാംപൗളോ എ.സി മിലാന്റെ പരിശീലകനായത്.

എ.സി മിലൻ അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ നേരിടും.