യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ സാൻസിറോയിൽ നടന്ന ത്രില്ലിംഗ് പോരാട്ടത്തിൽ ഇന്റർ മിലാൻ ബാഴ്സലോണയെ 4-3 ന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 7-6 എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ഇന്ററിന്റെ വിജയം.

കളിയുടെ 21-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസ് നൽകിയ ക്രോസിൽ നിന്ന് ലൗട്ടാരോ മാർട്ടിനെസ് ഇന്ററിന് ലീഡ് നൽകി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഹക്കാൻ ചാഹനോഗ്ലു ഒരു പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ ഇന്റർ 2-0 ന് മുന്നിലെത്തി, അഗ്രിഗേറ്റിൽ 5-3 എന്ന നിലയിലായി കാര്യങ്ങൾ. ഇന്റർ ആധിപത്യം നേടി എന്ന് കരുതിയ നിമിഷങ്ങൾ.
പക്ഷെ രണ്ടാം പകുതിയിൽ ബാഴ്സലോണ ശക്തമായി തിരിച്ചുവന്നു. 54-ാം മിനിറ്റിൽ എറിക് ഗാർസിയ ഒരു തകർപ്പൻ വോളിയിലൂടെ ഒരു ഗോൾ മടക്കി. ആറ് മിനിറ്റിന് ശേഷം ഡാനി ഓൾമോ ഒരു ഹെഡറിലൂടെ ബാഴ്സലോണയ്ക്ക് സമനില നൽകി (2-2). പിന്നെ ബാഴ്സലോണയുടെ തുടർ ആക്രമണങ്ങൾ കണ്ടു. യാൻ സൊമ്മറിന്റെ മികച്ച സേവുകൾ ഇന്ററിനെ രക്ഷിച്ചു.

87-ാം മിനിറ്റിൽ റാഫിഞ്ഞയുടെ ഒരു റീബൗണ്ട് ഗോൾ ബാഴ്സലോണയെ 3-2 ന് മുന്നിലെത്തിച്ചു, അഗ്രിഗേറ്റിൽ അവർ 6-5 ന് ലീഡ് നേടി. എന്നാൽ ഇന്റർ പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വെറ്ററൻ ഡിഫൻഡർ ഫ്രാൻസെസ്കോ അസെർബി ഒരു തകർപ്പൻ ഗോളിലൂടെ സമനില പിടിച്ചു (3-3), അഗ്രിഗേറ്റ് സ്കോർ 6-6 എന്ന നിലയിലായി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിന്റെ 99-ാം മിനിറ്റിൽ ഡേവിഡ് ഫ്രാട്ടെസി ഇന്ററിനായി വിജയ ഗോൾ നേടി. മെഹ്ദി ടാരമി നൽകിയ ചെറിയ പാസിൽ നിന്നായിരുന്നു ഫ്രാട്ടെസിയുടെ ഗോൾ. പിന്നീട് ബാഴ്സലോണ പൊരുതി നോക്കി എങ്കിലും ശ്രമങ്ങൾ വിഫലമായി. ഒടുവിൽ ഇന്റർ 7-6 എന്ന അഗ്രിഗേറ്റ് സ്കോറിൽ വിജയം ഉറപ്പിച്ചു.
ഗോളുകൾ:
ഇന്റർ: മാർട്ടിനെസ് (21′), Çalhanoğlu (45′ പെൻ), അസെർബി (90+3′), ഫ്രാട്ടെസി (99′)
ബാഴ്സലോണ: ഗാർസിയ (54′), ഓൾമോ (60′), റാഫിഞ്ഞ (87′)