ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ പോരാട്ടം ഉണ്ടായില്ല എങ്കിലും അൽ നസർ ഇന്റർ മയാമി മത്സരം ഇന്ന് നടന്നു. സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയെ അൽ നസർ എതിരില്ലാത്ത 6 ഗോളുകൾക്ക് തോൽപ്പിച്ചു. ഇന്റർ മയാമിക്ക് മേൽ അൽ നസറിന്റെ സമ്പൂർണ്ണ ആധിപത്യമാണ് കാണാൻ ആയത്. ഇന്ന് പരിക്ക് കാരണം റൊണാൾഡോ സ്ക്വാഡിൽ ഉണ്ടായിരുന്നില്ല. മെസ്സി ബെഞ്ചിൽ ഉണ്ടായിരുന്നു. അവസാന 6 മിനുട്ട് മാത്രമാണ് അദ്ദേഹം കളിച്ചത്.
ഇന്ന് ആദ്യ 12 മിനുട്ടിൽ തന്നെ അൽ നസർ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. മൂന്നാം മിനുട്ടിൽ ഒടാവിയോയിലൂടെയായിരുന്നു ആദ്യ ഗോൾ. പത്താം മിനുട്ടിൽ ടലിസ്കയിലൂടെ അവരുടെ രണ്ടാം ഗോൾ വന്നു. ഇതിനു പിന്നാലെ ലപോർടയിലൂടെ മൂന്നാം ഗോളും വന്നു. ലപോർട സ്വന്തം ഹാഫിൽ നിന്ന് ആയിരുന്നു ഗോൾ നേടിയത്. കളിയിലെ ഏറ്റവും മികച്ച ഗോളായി ഇത് മാറി.
രണ്ടാം പകുതിലും അൽ നസർ ഗോളടി തുടർന്നു. 51ആം മിനുട്ടിലും 73ആം മിനുട്ടിലും കൂടെ ടലിസ്ക ഗോൾ നേടിയതോടെ അദ്ദേഹം ഹാട്രിക്ക് പൂർത്തിയാക്കി. 68ആം മിനുട്ടിൽ മാരന്റെ ഗോൾ കൂടെ വന്നതോടെ വിജയം പൂർത്തിയായി. മത്സരത്തിൽ 84ആം മിനുട്ടിൽ ലയണൽ മെസ്സി സബ്ബായി കളത്തിൽ എത്തി.