ഈ വർഷത്തെ ഇന്റർ കോണ്ടിനന്റൽ കപ്പിന് ഇത്തവണ വേദി ആവുക ബാംഗ്ലൂർ കണ്ടീര സ്റ്റേഡിയമായിരിക്കും. കഴിഞ്ഞ തവണ മുംബൈ ആതിഥ്യം വഹിച്ച ടൂർണമെന്റ് കാണികളെ കിട്ടാതെ വലഞ്ഞ ടൂർണമെന്റായിരുന്നു. ഇത്തവണ കൊൽക്കത്തയിലേക്കോ കൊച്ചിയിലേക്കോ ടൂർണമെന്റ് എത്തുമെന്നാണ് കരുതിയത് എങ്കിലും ബെംഗളൂരുവിൽ നടത്താനാണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്.
ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം ആരൊക്കെ ആകും പങ്കെടുക്കുക എന്നും സൂചനകൾ ലഭിച്ചു. താജികിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ ഇന്ന് പുറത്തു വിട്ട വിവര പ്രകാരം ഇന്ത്യ, താജിക്കിസ്ഥാൻ, സിറിയ, ഡി പി ആർ കൊറിയ എന്നിവരാകും ടൂർണമെന്റിൽ പങ്കെടുക്കുക. ജൂലൈ 7ന് ആരംഭിച്ച് ജൂലൈ 18ന് ടൂർണമെന്റ് സമാപിക്കും.
ഇന്റർ കോണ്ടിനെന്റൽ കപ്പ് എന്നാണ് ടൂർണമെന്റിന്റെ പേര് എങ്കിലും ഇത്തവണ പങ്കെടുക്കുന്ന എല്ലാ ടീമുകളും ഏഷ്യയിൽ നിന്നാണ്. കഴിഞ്ഞ വർഷം ഇന്റർ കോണ്ടിനന്റൽ കപ്പിന്റെ ഫൈനലിൽ കെനിയയെ പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യ ചാമ്പ്യന്മാരായിരുന്നു