അണ്ടർ 23 ഏഷ്യൻ കപ്പിനായുള്ള ക്യാമ്പ് ഇന്ത്യ മാറ്റി വെച്ചു. ക്ലബുകൾ താരങ്ങളെ വിട്ടു നൽകാത്തതിനാലാണ് എ ഐ എഫ് എഫ് ക്യാമ്പ് നീട്ടാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 12നായിരുന്നു യോഗ്യത മത്സരങ്ങൾക്ക് തയ്യാറാകാനായുള്ള ക്യാമ്പ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ ഭൂരിഭാഗം ക്ലബുകളും ഡ്യൂറണ്ട് കപ്പിന്റെ ഭാഗമായതിനാൽ ഇപ്പോൾ താരങ്ങളെ വിട്ടു നൽകാൻ ആവില്ല എന്ന് എ ഐ എഫ് ഫിനോട് പറഞ്ഞു.
ഇപ്പോൾ ഓഗസ്റ്റ് 20നേക്ക് ക്യാമ്പ് മാറ്റാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഭുവനേശ്വറിൽ നടക്കുന്ന ക്യാമ്പിൽ മുമ്പ് പ്രഖ്യാപിച്ച സ്ക്വാഡ് തന്നെയാകും പങ്കെടുക്കുക. യോഗ്യതാ മത്സരങ്ങൾക്കുള്ള 28 കളിക്കാരുടെ ഇന്ത്യൻ സാധ്യതാ ടീം ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നാലു മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ്, ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം വിബിൻ മോഹനൻ, ഹൈദരാബാദ് എഫ് സിയുടെ അബ്ദു റബീഹ്, ഗോകുലം കേരളയുടെ അറ്റാക്കിംഗ് താരം സൗരവ് കെയും ആണ് ടീമിൽ ഉൾപ്പെട്ട മലയാളി താരങ്ങൾ.
2023 സെപ്റ്റംബർ 6-12 തീയതികളിൽ ഡാലിയനിൽ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് ജിയിൽ മാലിദ്വീപ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ആതിഥേയരായ ചൈന പിആർ എന്നിവയ്‌ക്കെതിരെ ആണ് ഇന്ത്യ കളിക്കേണ്ടത്.