പാകിസ്ഥാനെ നാട്ടിലേക്ക് മടക്കി ഇന്ത്യ ഫൈനലിൽ

- Advertisement -

സാഫ് കപ്പിന്റെ സെമി ഫൈനലിലെ ചിരവൈരികളുടെ പോരാട്ടം ജയിച്ച് ഇന്ത്യ ഫൈനലിൽ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. മൻവീർ സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. സുമിത് പാസ്സിയാണ് ഇന്ത്യയുടെ മൂന്നാമത്തെ ഗോൾ നേടിയത്. മലയാളി താരം ആഷിഖ് കുരുണിയൻ രണ്ടു അസിസ്റ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 49ആം മിനുട്ടിൽ മൻവീർ സിംഗാണ് ഇന്ത്യക്ക് ലീഡ് നൽകിയത്. 70ആം മിനുട്ടിൽ ആയിരുന്നു മൻവീറിന്റെ രണ്ടാം ഗോൾ പിറന്നത്. തുടർന്നാണ് മത്സരത്തിൽ ജയമുറപ്പിച്ച സുമിത് പസ്സിയുടെ ഗോൾ പിറന്നത്.

തുടർന്ന്  മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പാകിസ്ഥാൻ ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ഹസ്സൻ ബഷീർ ആണ് പാകിസ്താന്റെ ഗോൾ നേടിയത്. പാകിസ്താന്റെ മൊഹ്‌സിൻ അലിയും ഇന്ത്യയുടെ ചങ്തെയും ചുവപ്പ് കാർഡ് കണ്ടതോടെ 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് എട്ടാം കിരീടത്തിലേക്കാണ് അടുക്കുന്നത്. പാകിസ്ഥാൻ ഇത് നാലാം തവണയാണ് സാഫ് കപ്പിന്റെ സെമിയിൽ തോൽക്കുന്നത്. ആദ്യ ഫൈനൽ എന്ന പ്രതീക്ഷ ഇതോടെ അവസാനിച്ചു. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്.

ഇതുവരെ ഇന്ത്യയും പാകിസ്താനും 32 തവണയാണ് ഫുട്ബോളിൽ നേർക്കുനേർ വന്നിട്ടുള്ളത്. ഇന്നത്തെ ജയത്തോടെ ഇന്തയുടെ വിജയത്തിന്റെ എണ്ണം 19 ആയി. നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച മാൽഡീവ്സ് ആകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാൽഡീവ്സിനെ തോൽപ്പിച്ചിരുന്നു.

Advertisement