സാഫ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യ ആദ്യ പകുതിയിൽ തന്നെ ബഹുദൂരം മുന്നിലാണ്. ഇന്ന് ആദ്യ 16 മിനുട്ടുകൾക്ക് അകം തന്നെ ഇന്ത്യ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരത്തിന്റെ 10ആം മിനുട്ടിൽ പാകിസ്താൻ ഗോൾ കീപ്പർ സാഖിബ് ഹനീഫ് വരുത്തിയ പിഴവ് മുതലെടുത്ത് സുനിൽ ഛേത്രി തന്റെ ടീമിന് ലീഡ് നൽകി. ഇന്ന് രാവിലെ മാത്രം ബെംഗളൂരുവിൽ എത്തിയ പാകിസ്താന് കൃത്യമായി പരിശീലനം പോലും നടത്താൻ ആയിരുന്നില്ല. ഇതിന്റെ പ്രശ്നങ്ങൾ അവരുടെ പ്രകടനത്തിലും കാണാൻ കഴിഞ്ഞു.
മത്സരം 16ആം മിനുട്ടിൽ എത്തിയപ്പോൾ ഇന്ത്യക്ക് ലീഡ് ഉയർത്താനുള്ള രണ്ടാം അവസരം ലഭിച്ചു. ഒരു ഹാൻഡ്ബോളിന് ലഭിച്ച പെനാൾട്ടി ക്യാപ്റ്റൻ ഛേത്രി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-0. ഛേത്രിയുടെ 89ആം അന്താരാഷ്ട്ര ഗോളായി ഇത്. ഇതിനു ശേഷവും കളിയിൽ ഇന്ത്യൻ ആധിപത്യം ആണ് കാണാൻ ആയത്. അവസരങ്ങളും സൃഷ്ടിച്ചു. പക്ഷെ ആദ്യ പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ഇന്ത്യക്ക് ആയില്ല.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ കോച്ച് ഇഗോർ സ്റ്റിമാച് ചുവപ്പ് കാർഡ് കണ്ടത് ഇന്ത്യക്ക് ആദ്യ പകുതിയിലെ തിരിച്ചടിയായി.