ഇന്ത്യൻ ഫുട്ബോൾ ടീം മെർദേക കപ്പിൽ നിന്ന് പുറത്ത്. ഇന്ന് സെമി ഫൈനലിൽ ആതിഥേയരായ മലേഷ്യയെ നേരിട്ട ഇന്ത്യ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. ഇതോടെ മലേഷ്യ ഫൈനലിലേക്ക് മുന്നേറി. അവർ ഇനി ഫൈനലിൽ തജാകിസ്താനെ നേരിടും. ഇന്ന് മികച്ച തുടക്കമായിരുന്നു മത്സരത്തിന് ലഭിച്ചത്. ഏഴാം മിനുട്ടിൽ ഡിയോൺ കൂൾസിലൂടെ മലേഷ്യ ലീഡ് എടുത്തു.
ഇതിന് ഇന്ത്യ അഞ്ചു മിനുട്ടുകൾക്ക് അകം മറുപടി നൽകി. മഹേഷ് സിംഗിന്റെ ഒരു ഗംഭീര വോളി ആയിരുന്നു ഇന്ത്യക്ക് സമനില നൽകിയത്. സഹൽ അബ്ദുൽ സമദിന്റെ ഒരു മനോഹരമായ ഫ്ലിക്ക് പാസ് ആണ് മഹേഷിന് ഈ അവസരം ഒരുക്കിയത്. ആ സമനില പക്ഷെ അധിക നേരം നീണ്ടു നിന്നില്ല.
20ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ഐമൻ മലേഷ്യക്ക് വീണ്ടും ലീഡ് നൽകി. 42ആം മിനുട്ടിൽ ഫൈസൽ ഹലിം മലേഷ്യയുടെ സ്കോർ 3-1 എന്നാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രി ഒരു ഗോൾ മടക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകി. സ്കോർ 3-2. 61ആം മിനുട്ടിൽ വീണ്ടും മലേഷ്യ ഗോൾ നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു.