പനാജി: തജിക്കിസ്ഥാനിൽ നടക്കുന്ന CAFA നേഷൻസ് കപ്പിൽ ഇറാനെതിരായ മത്സരത്തിനിടെ താടിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സന്ദേശ് ജിംഗന് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. തജിക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ‘പ്ലെയർ ഓഫ് ദ മാച്ച്’ പുരസ്കാരം നേടിയ ജിംഗൻ, പരിക്കോടെയാണ് ഇറാനെതിരായ മത്സരം പൂർത്തിയാക്കിയത്.

പിന്നീട് നടത്തിയ സ്കാനിലാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.
ജിംഗന്റെ പരിക്ക് പരിശീലകൻ ഖാലിദ് ജമീലിന് വലിയ തിരിച്ചടിയാണ്. അഫ്ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യ വിജയിച്ചാൽ മാത്രമേ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കൂ.
ജിംഗന്റെ പരിക്ക് അദ്ദേഹത്തിന്റെ ക്ലബ്ബായ എഫ് സി ഗോവയ്ക്കും തലവേദനയാണ്. സെപ്റ്റംബർ 17-ന് ഇറാഖ് ക്ലബ്ബായ അൽ-സാവ്രയ്ക്കെതിരെ AFC ചാമ്പ്യൻസ് ലീഗ് ടൂവിൽ ഗോവയുടെ ആദ്യ മത്സരം നടക്കാനിരിക്കെ, ജിംഗന്റെ അഭാവം ടീമിന്റെ പ്രതിരോധത്തെ സാരമായി ബാധിച്ചേക്കാം. എത്രയും പെട്ടെന്ന് ജിംഗൻ സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകരും ക്ലബ്ബും.