ബഹ്‌റൈൻ പര്യടനത്തിലെ രണ്ടാം മത്സരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തിൽ ബഹ്‌റൈനോട് 1-2 എന്ന സ്‌കോറിന് പരാജയപ്പെട്ട ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ശനിയാഴ്ച നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബെലാറസിനെ ആകും നേരിടുക.
ഇന്ത്യൻ പുരുഷ ടീമിന് ഒരു യൂറോപ്യൻ എതിരാളിയെ നേരിടാനുള്ള അപൂർവ അവസരമാണിത്. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇന്ത്യ ഒരു യൂറോപ്യൻ ടീമിനെ നേരിടുന്നത്. അവസാനമായി ഒരു യൂറോപ്യൻ ടീമിനെ നേരിട്ടത് 2012-ൽ അസർബൈജാനെ ആയിരുന്നു. അന്ന് ഇന്ത്യ 3-0ന് തോറ്റിരുന്നു. ഫിഫ റാങ്കിംഗിൽ ഇന്ത്യയേക്കാൾ പത്ത് സ്ഥാനങ്ങൾ മുകളിലുള്ള ടീമാണ് ബെലാറസ്.
ഇതുവരെ 16 മത്സരങ്ങളിൽ ഇന്ത്യ യൂറോപ്യൻ ടീമിനെതിരെ കളിച്ചിട്ടുണ്ട്. രണ്ട് തവണ മാത്രം സമനില വഴങ്ങുകയും ശേഷിക്കുന്ന മത്സരങ്ങളിൽ എല്ലാം ഇന്ത്യ തോൽക്കുകയും ചെയ്തു. 1993ലെ നെഹ്‌റു കപ്പിൽ ഫിൻലൻഡിനെതിരെയും 1960ലെ ഒളിമ്പിക്‌സിൽ ഫ്രാൻസിനെതിരെയും മാത്രമാണ് യൂറോപ്യൻ ടീമുകൾക്കെതിരെ ഇന്ത്യ സമനില നേടിയത്.
ഇന്ന് രാത്രി 9.30നാകും മത്സരം. കളി ലൈവ് ടെലികാസ്റ്റ് ഇല്ലാത്തതിനാൽ യൂടൂബ് വഴി സ്ട്രീമിംഗ് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ.