Picsart 24 03 26 20 32 19 954

നാണക്കേട്!! ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ അഫ്ഗാനിസ്താനോട് തോറ്റു

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇന്ന് ഗുവാഹത്തിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു അഫ്ഗാന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഇന്ത്യ തോറ്റത്.

സൗദി അറേബ്യയിൽ നടന്ന അഫ്ഗാനെതിരായ കഴിഞ്ഞ മത്സരത്തിൽ ഗോൾരഹിത സമനിലയുടെ നിരാശയും ആയാണ് ഇന്ന് ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഇന്ന് തുടക്കത്തിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ച ഇന്ത്യക്ക് രണ്ടാം പകുതിയിലാണ് അടിതെറ്റിയത്. മത്സരത്തിന്റെ 38ആം മിനിറ്റിൽ ആയിരുന്നു ഇന്ത്യയുടെ ഗോൾ വന്നത്. ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

സുനിൽ ഛേത്രിയുടെ 150ആം മത്സരമായിരുന്നു ഇത്‌. ഈ നാഴികകല്ല് ഗോളുമായി ആഘോഷിക്കാൻ ഛേത്രിക്ക് ആയി. ആദ്യ പകുതി ഇന്ത്യ 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ അഫ്ഗാനിസ്താൻ സമനില ഗോൾ നേടി. അക്ബറി ആണ് അഫ്ഗാനായി സമനില ഗോൾ നേടിയത്.

87ആം മിനുട്ടിൽ ഗോൾ കീപ്പർ ഗുർപ്രീത് ചെയ്ത ഫൗൾ അഫ്ഗാനിസ്ഥാന് പെനാൾട്ടി നൽകി. മുഖമ്മദ് ആ കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് അഫ്ഗാനിസ്താന് ലീഡ് നൽകിയത്.

ഈ പരാജയത്തോടെ ഇന്ത്യ 4 മത്സരങ്ങളിൽ നിന്ന് 4 പോയിന്റിൽ നിൽക്കുകയാണ്. അഫ്ഗാനിസ്ഥാന് ഇത് ഗ്രൂപ്പിലെ ആദ്യ വിജയമാണ്. ഇന്ത്യക്ക് ഇനി മൂന്നാം റൗണ്ടിലേക്ക് എത്തുക എളുപ്പമാകില്ല.

Exit mobile version