അബദ്ധങ്ങളുടെ പെരുമഴ, രണ്ടാം പകുതിയിൽ തകർന്നടിഞ്ഞ് ഇന്ത്യ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന പരാജയം. ഇന്ന് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ താജികിസ്താനെ നേരിട്ട ഇന്ത്യ രണ്ടാം പകുതിയിൽ തകർന്നടിഞ്ഞതാണ് പ്രശ്നമായത്. ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു ഇന്ത്യ രണ്ടാം പകുതിയിൽ നാലു ഗോളുകൾ വഴങ്ങി 4-2ന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്.

സുനിൽ ഛേത്രിയുടെ മികവിലായിരുന്നു ആദ്യ പകുതിയിൽ ഇന്ത്യ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയത്. കളി തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഇന്ത്യ മുന്നിൽ എത്തിയിരുന്നു. സഹൽ അബ്ദുൽ സമദിന്റെ ഒരു ഗംഭീര പാസ് കൊണ്ട് തുടങ്ങി ഇന്ത്യൻ അറ്റാക്കാണ് ഒരു പെനാൾട്ടിയിൽ കലാശിച്ചത്. ചാങ്തെയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഛേത്രി ഒരു പനേങ്ക കിക്കിലൂടെ ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതിയുടെ അവസാനമായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ പിറന്നത്.

ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ കിടന്ന ഛേത്രിക്ക് കിട്ടിയ പന്ത് ക്യാപ്റ്റ്ൻ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു. ഛേത്രിയുടെ 70ആം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ആദ്യ പകുതി ഗംഭീരമായിരുന്നു എങ്കിൽ രണ്ടാം പകുതിയിൽ ഇന്ത്യയുടെ താളം തെറ്റി. ഡിഫൻസിൽ അനസും ജിങ്കനും ഇല്ലാത്തതാണ് ഇന്ത്യക്ക് വിനയായത്.

ഒന്നിനു പിറകെ ഒന്നായി പിഴവുകൾ വരുത്തിയ ഇന്ത്യൻ ഡിഫൻസ് നാലു ഗോളുകളാണ് വഴിക്കുവഴിയായി വഴങ്ങിയത്. അനസിന്റെയും ജിങ്കന്റെയും വില ഇന്ത്യക്ക് ശരിക്ക് മനസ്സിലാക്കി തന്ന മത്സരമായി ഇത്. കളിയുടെ അവസാനം ജോബി ജസ്റ്റിൻ അരങ്ങേറ്റം നടത്തി എങ്കിലും കളിയിലേക്ക് തിരിച്ചുവരാനുള്ള ഇന്ത്യൻ ആവേശം അതിനു മുമ്പ് തന്നെ അവസാനിച്ചിരുന്നു.

ടൂർണമെന്റിൽ ഇനിയും രണ്ട് മത്സരങ്ങൾ ഇന്ത്യക്ക് കളിക്കാനുണ്ട്. ആ രണ്ട് മത്സരങ്ങളും വിജയിച്ചാലെ ഫൈനലിൽ എത്താൻ ഇന്ത്യക്ക് ആവുകയുള്ളൂ.