പത്മശ്രീ ഐ.എം വിജയനും കേരള ടീമിനും കെ.എഫ്.എയുടെ ആദരം

Newsroom

Img 20250405 Wa0092
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: കേരളത്തിന്റെ ഫുട്‌ബോള്‍ പ്രതിഭകളെ സാക്ഷിയാക്കി, പത്മശ്രീ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ (കെ.എഫ്.എ) ആദരം കെ.എഫ്.എയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച പ്രൈഡ് ഓഫ് കേരളാ ഫുട്ബാള്‍ 2024-25 ചടങ്ങാണ്് സന്തോഷ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. ഹൈബി ഈഡന്‍ എം.പി പൊന്നാടയണിയിച്ചും മെമന്റോ നല്‍കിയും വിജയനെ ആദരിച്ചു.

1000128643

ഐ.എം. വിജയനെന്ന പേര് മലയാളികള്‍ക്ക് അഭിമാനമാണെന്നും, രാജ്യം പത്മശ്രീനല്‍കി ആദരിച്ചതില്‍ കേരളത്തിനും അഭിമാനിക്കാമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. കെ.എഫ്.എ അനുമോദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഐ.എം വിജയന്‍ പറഞ്ഞു. ഫുട്ബാള്‍ രംഗത്തുനിന്നും അര്‍ജുന അവാര്‍ഡ് നേടിയപ്പോള്‍ ആദരവ് ലഭിക്കാത്തതിന് സങ്കടമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ വിജയന്‍, കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്റെ ദീര്‍ഘവീക്ഷണമാണ് പുതിയ തലമുറ വിജയങ്ങള്‍ കീഴടക്കുന്നതിന് പിന്നിലെന്നും അഭിപ്രായപ്പെട്ടു. പ്രയാസകരമായ ജീവിതസാഹചര്യങ്ങള്‍ അതിജീവിച്ചാണ് വിജയന്‍ വിജയങ്ങള്‍ കീഴടക്കിയതെന്ന് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ബാബു പറഞ്ഞു. ഐ.എം വിജയന്‍ യുവതലമുറകള്‍ക്ക് പ്രചോദനമാണെന്ന് ടി.ജെ വിനോദ് എം.എല്‍.എ അഭിപ്രായപ്പെട്ടു.

പ്രതിഭാശാലിയാണ് വിജയനെന്നും ഗോളടിക്കുക മാത്രമല്ല, ഗോളടിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനും മുന്നിലാണെന്നും കെ.എഫ്.എ മുഖ്യരക്ഷാധികാരി കെ.എം.ഐ മേത്തര്‍ പറഞ്ഞു. രാജ്യം ഐ.എം വിജയന് പത്മശ്രീ നല്‍കി ആദരിച്ചതടക്കം അഭിമാനം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കേരള ഫുട്‌ബോള്‍ കടന്നുപോയതെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സന്തോഷ് ട്രോഫിയില്‍ റണ്ണേഴ്‌സ് അപ്പായ കേരളാ ടീമിനെയും, ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ടീമിനെയും കെ.എഫ്.എ ആദരിച്ചു. ഗോവയില്‍ നടന്ന ദേശീയ ബീച്ച് സോക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍നേടിയ ടീമിനും ആദരം നല്‍കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.വിഷ്ണുരാജ്, കെ.എഫ്.എ ഹോണററി പ്രസിഡന്റ് ടോം ജോസ്, കെ.എഫ്.എ ജനറല്‍ സെക്രട്ടറി ഷാജി സി കുര്യന്‍, ഹോണററി ട്രഷറര്‍ ഡോ.റെജിനോള്‍ഡ് വര്‍ഗീസ്, വൈസ് പ്രസിഡന്റുമാരായ പി.പൗലോസ്, വി.പി പവിത്രന്‍, എം.ശിവകുമാര്‍, മുഹമ്മദ് സലീം, ജോയിന്റ് സെക്രട്ടറിമാരായ കെ.എ വിജയകുമാര്‍, പി.കെ ഷാജി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.