കൊച്ചി, ഫെബ്രുവരി 17, 2025: മലയാളത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസം പത്മശ്രീ ഐ.എം വിജയനെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം താരം കൂടിയായിരുന്ന ഐ.എം വിജയന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച പുരസ്‌കാര നിറവിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സിഇഒ അഭിക് ചാറ്റര്‍ജി പത്മശ്രീ ഐഎം വിജയനെ പൊന്നാട അണിയിച്ച് ആദരിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തന്റെ സന്തോഷം പങ്കുവയ്ക്കാന്‍ സാധിച്ചതില്‍ ഏറെ ആഹ്‌ളാദമുണ്ടെന്നും എനിക്ക് ലഭിച്ച പത്മശ്രീ ഫുട്‌ബോളിനുള്ള അംഗീകാരം കൂടിയാണെന്നും ഐഎം വിജയന്‍ പറഞ്ഞു.
1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടിയ ഐഎം വിജയന്‍, ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്ന താരമെന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന ഐഎം വിജയന്‍ മിഡ്ഫീല്‍ഡറായും തിളങ്ങിയിട്ടുണ്ട്. കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ അര്‍ജുന അവാര്‍ഡ് 2003-ല്‍ അദ്ദേഹത്തിന് ലഭിച്ചിച്ചു. കളിക്കളത്തില്‍നിന്ന് ഔദ്യോഗികമായി വിരമിച്ച ശേഷം നിലവില്‍ എം.എസ്.പി.യില്‍ അസി. കമാന്‍ഡന്റായും എഐഎഫ്എഫ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനായും പ്രവര്‍ത്തിച്ചുവരികയാണ് ഐ.എം. വിജയന്‍.