ഇന്ത്യൻ ഫുട്ബോളിലെ രണ്ടാം നിര ലീഗായ ഐ-ലീഗ് 2025-26 സീസൺ മുതൽ വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു. ലീഗിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിനൊപ്പം ‘ഇന്ത്യൻ ഫുട്ബോൾ ലീഗ്’ എന്ന പുതിയ പേരും ക്ലബ്ബുകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എഐഎഫ്എഫ് (AIFF) എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് സമർപ്പിച്ച ശുപാർശയിൽ, 2026 ഫെബ്രുവരി 21-ന് ആരംഭിക്കാനിരിക്കുന്ന സീസണിന് മുന്നോടിയായി ഈ മാറ്റങ്ങൾക്ക് അംഗീകാരം നൽകണമെന്ന് ക്ലബ്ബുകൾ ആവശ്യപ്പെട്ടു.
ഗോകുലം കേരള, റിയൽ കശ്മീർ, ഷില്ലോങ് ലാജോങ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഗവേണിംഗ് കൗൺസിലിനായിരിക്കും ലീഗിന്റെ ദൈനംദിന നിയന്ത്രണാധികാരം. എഐഎഫ്എഫ് മേൽനോട്ട ചുമതലയിൽ മാത്രമായിരിക്കും ഒതുങ്ങുക.
മത്സരക്രമത്തിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാകും ഇനി മുതൽ മത്സരങ്ങൾ നടക്കുക. ആദ്യ ഘട്ടത്തിൽ എല്ലാ ടീമുകളും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ലീഗ് നടക്കും. ഇതിന് ശേഷം പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാർ കിരീടത്തിനായി ‘ചാമ്പ്യൻഷിപ്പ് റൗണ്ടിൽ’ ഹോം-എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. പട്ടികയിലെ അവസാന അഞ്ച് സ്ഥാനക്കാർ തരംതാഴ്ത്തൽ ഒഴിവാക്കാനായി ‘റെലഗേഷൻ റൗണ്ടിലും’ മത്സരിക്കും. ആദ്യ ഘട്ടത്തിലെ പോയിന്റുകൾ രണ്ടാം ഘട്ടത്തിലേക്കും പരിഗണിക്കും. ലീഗിന്റെ വാണിജ്യ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും പുതിയൊരു മുഖം നൽകുന്നതിനുമാണ് പേര് മാറ്റം ലക്ഷ്യമിടുന്നത്.
ക്ലബ്ബുകൾക്ക് കൂടുതൽ അധികാരം നൽകുന്നതും മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കുന്നതുമായ ഈ നീക്കം ഇന്ത്യൻ ഫുട്ബോളിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സീസണിന്റെ അവസാനം വരെ കിരീടപ്പോരാട്ടവും തരംതാഴ്ത്തൽ ഭീഷണിയും സജീവമായി നിലനിൽക്കാൻ ഈ പുതിയ രീതി സഹായിക്കും.









