ഐ ലീഗ്: ജയം തുടരാൻ ഗോകുലം കേരള

Newsroom

Picsart 25 01 08 15 41 03 550
Download the Fanport app now!
Appstore Badge
Google Play Badge 1

പനജി: ഐ ലീഗിൽ ജയത്തുടർച്ച ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി ഇന്ന് (14-1-2025) ഡെംപോക്കെതിരേ കളത്തിലിറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരേ നടന്ന എവേ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മലബാറിയൻസ് നാളെ കളത്തിലിറങ്ങുന്നത്. ഗോൾ വരൾച്ചക്ക് ശേഷമായിരുന്നു ഡൽഹിക്കെതിരേ ഗോകുലം മികച്ച സ്‌കോർ കണ്ടെത്തിയത്. ജയിച്ചതോടെ പട്ടികയിൽ നേട്ടമുണ്ടാക്കാനും ഗോകുലം കേരളക്ക് കഴിഞ്ഞിരുന്നു. മുൻ മത്സരത്തിൽ മുന്നേറ്റനിരയിൽ ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലാക്കിയതായിരുന്നു ഗോകുലത്തിന് കരുത്തായത്. ടീമിലെത്തിയ പുതുമുഖ താരം സിനിസ സ്റ്റാനിസാവിച്ചിന്റെ സാന്നിധ്യം ടീമിന് ഊർജം പകർന്നിട്ടുണ്ട്.

Picsart 25 01 08 15 41 17 422

ഇന്നത്തെ എവേ മത്സരത്തിലും ജയിച്ച് മൂന്ന് പോയിന്റ് പെട്ടിയിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗോകുലം താരങ്ങൾ പോർക്കളത്തിലിറങ്ങുന്നത്.

” അവസാന മത്സരത്തിലെ വിജയം ടീമിന് മികച്ച ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ടീമിന് ഇതുവരെ ഉണ്ടായിരുന്ന ഗോൾക്ഷാമം മാറിയതോടെ ടീം മാനസികമായും കായികമായും ശക്തി ആർജിച്ചെടുത്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലും അത് പുറത്തെടുക്കാൻ കഴിയും,” മുഖ്യ പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.

ഇനിയുള്ള മത്സരത്തിൽ ജയിച്ച് കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗോകുലം പ്രവേശിച്ച് കഴിഞ്ഞു. ഫൈനൽ തേഡിലുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ആയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് കളത്തിൽ കാണാനാകും, പരിശീകൻ കൂട്ടിച്ചേർത്തു. സീസണിൽ ഏഴു മത്സരം പൂർത്തിയായപ്പോൾ രണ്ട് ജയം, നാലു സമനില, ഒരു തോൽവി എന്നിവ ഉൾപ്പെടെ നേടിയ ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്താണ്.

ഇന്ന് ജയിക്കുകയാണെങ്കിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാനും ഗോകുലത്തിന് കഴിയും. ഏഴ് മത്സരത്തിൽനിന്ന് മൂന്ന് ജയം, ഒരു സമനില, മൂന്ന് തോൽവി എന്നിവ നേടി ഡംപോ പട്ടികയിൽ ഏഴാം സ്ഥാനത്തുമുണ്ട്. അവസാന മത്സരത്തിൽ ഇന്റർ കാശിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് ഡംപോ എത്തുന്നത്. അതിനാൽ സ്വന്തം മൈതാനത്ത് ജയത്തിനായി പൊരുതുമ്പോൾ ഗോവയിലെ ഫറ്റോർദ സ്‌റ്റേഡിയത്തിൽ മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാം.

ഇന്ന് ഉച്ചക്ക് ശേഷം 3.30നാണ് മത്സരം.