പഞ്ചാബ്: ഐ ലീഗ് കിരീടം ലക്ഷ്യംവെച്ച് പൊരുതുന്ന ഗോകുലം കേരള എവേ മത്സരത്തിൽ ഇന്ന് കളത്തിലിറങ്ങുന്നു. നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ഗോകുലം സ്ഥാനം മെച്ചപ്പെടുത്തി തിരിച്ചുവരുക എന്ന ഉദ്യേശ്യത്തോടെയാണ് എത്തുന്നത്. അവസാനമായി നടന്ന ഹോം മത്സരത്തിൽ രാജസ്ഥാൻ എഫ്.സിക്കെതിരേ ഗോൾ രഹിത സമനില നേടിയ ഗോകുലം ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.
എവേ മത്സരത്തിൽ ജയിച്ചു കയറി ആത്മവിശ്വാസം വീണ്ടെടുക്കുക എന്ന പ്രധാന ലക്ഷ്യവുമായിട്ടാണ് മലബാറിയൻസ് ഇന്ന് കളത്തിലിറങ്ങുന്നത്. ഗോകുലം ഇതുവരെ ആറു മത്സരങ്ങളാണ് സീസണിൽ കളിച്ചത്. അതിൽ ഒന്നിൽ ജയിക്കുകയും നാല് മത്സരം സമനിലയിൽ കലാശിക്കുകയും തചെയ്തു. എന്നാൽ ഒറ്റ മത്സരത്തിൽ മാത്രമാണ് തോറ്റത്. ശക്തമായ പ്രതിരോധം ഉണ്ടെങ്കിലും മുന്നേറ്റത്തിൽ ഗോളുകളുടെ കുറവാണ് മലബാറിയൻസിന് വിജയം വൈകുന്നത്. ഗോൾ വരൾച്ചക്ക് പരിഹാരം കാണാൻ പുതിയ തന്ത്രവുമായിട്ടാണ് ഇന്ന് മലബാറിയൻസ് ഡൽഹിയെ നേരിടുന്നത്.
” കഴിഞ്ഞ രണ്ടാഴ്ചയായി ടീം കഠിന പരിശീലനത്തിയിലായിരുന്നു. പ്രധാന പോരായ്മകളെല്ലാം കണ്ടെത്തി പരിഹാരം ചെയ്തിട്ടുണ്ട്. ഇന്നത്തെ മത്സരത്തിൽ മൂന്ന് പോയിന്റാണ് ടീമിന്റെ ലക്ഷ്യം. നിലവിൽ താരങ്ങളെല്ലാം പൂർണ ഫിറ്റാണെന്നതിനാൽ ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം” പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.
പട്ടികയിൽ ഗോകുലത്തെക്കാൾ ഒരുപടി മുന്നിലുള്ള ഡൽഹി ആറാം സ്ഥാനത്തുണ്ട്. ഡൽഹി ശക്തരാണെങ്കിലും പൊരുതി ജയിക്കാൻ ഉറച്ച ഗോകുലം മുന്നേറ്റത്തിൽ കാര്യമായ ശ്രദ്ധ പതിപ്പിച്ചാണ് എത്തുന്നത്.