കോഴിക്കോട്, 19 / 12 / 2024 : ഐ ലീഗിൽ ഗോകുലം കേരളക്ക് തുടർച്ചയായ രണ്ടാം സമനില. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ എഫ്.സിയുമായുള്ള മത്സരമാണ് ഗോൾ രഹിത സമനിലയിൽ അവസാനിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ ജയം കൊതിച്ചായിരുന്നു മലബാറിയൻസ് ഇറങ്ങിയതെങ്കിലും മത്സരത്തിൽ വെന്നിക്കൊടി പാറിക്കാൻ കഴിഞ്ഞില്ല.
മത്സരത്തിന്റെ തുടക്കത്തിൽ എതിർ പോസ്റ്റിലേക്ക് ഗോകുലം നിരന്തരം അക്രമം നടത്തിയെങ്കിലും പന്ത് ലക്ഷ്യം കണ്ടില്ല. കിട്ടിയ അവസരത്തിലെല്ലാം രാജസ്ഥാൻ കൗണ്ടർ അറ്റാക്കുമായി ഗോകുലത്തിന്റെ ഗോൾമുഖത്തും ഭീതി പടർത്തിക്കൊണ്ടിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം 20ാം മിനുട്ടിൽ ഗോകുലം പന്ത് രാജസ്ഥാന്റെ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതിനാൽ ഗോൾ അനുവദിച്ചില്ല. മത്സരം പുരോഗമിക്കവെ രാജസ്ഥാൻ താരം വാസ് ഗോകുലം ബോക്‌സിൽ വീണ് പെനാൽറ്റിക്കായി അഭിനയിച്ചതോടെ റഫറി താരത്തിന് മഞ്ഞക്കാർഡ് നൽകി. 35ാം മിനുട്ടിലും ഗോളെന്നുറുച്ച ഷോട്ട് തൊടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. 40ാം മിനുട്ടിൽ ശക്തമായ മുന്നേറ്റത്തിനൊടുവിൽ രാഹുലിന് ഗോളിലേക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ രണ്ടുമിനുട്ടായിരുന്നു അധികം നൽകിയത്.
രണ്ടാം പകുതിയിലും ഗോകുലം പൊരാട്ടം തുടർന്നു. 55ാം മിനുട്ടിൽ പ്രതിരോധ താരം മഷൂർ ഷരീഫിന് പരുക്കേറ്റുതിനെതുടർന്ന് താരത്തെ പിൻവലിച്ച് ബിബിനെ കളത്തിലിറക്കി. പിന്നീട് മലബാറിയൻസ് പലതവണ എതിർ ഗോൾമുഖത്ത് പന്ത് എത്തിച്ചെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. 81ാം മിനുട്ടിൽ രാജസ്ഥാന്റെ ഗോളെന്നുറച്ച ഫ്രീ കിക്ക് കീപ്പർ ഷിബിൻ രാജ് തട്ടികയറ്റി ഗോളിൽനിന്ന് ഗോകുലത്തെ രക്ഷിച്ചു. ഏഴു മിനുട്ടായിരുന്നു രണ്ടാം പകുതിയിൽ അധിക സമയം അനുവദിച്ചത്. മത്സരത്തിന്റെ അവസാന സെക്കൻഡ് വരെ ഗോകുലം താരങ്ങൾ ഗോളിനായി പൊരുതിയെങ്കിലും ഒരു ഗോൾ പോലും പിറന്നില്ല. ആറു മത്സരത്തിൽനിന്ന് ഏഴു പോയിന്റുള്ള ഗോകുലം ഏഴാം സ്ഥാനത്തും ഇതേ പോയിന്റുള്ള രാജസ്ഥാൻ ആറാം സ്ഥാനത്തുമുണ്ട്. ജനുവരി എട്ടിന് ഡൽഹിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.