ബെൽജിയം താരം ഈഡൻ ഹസാർഡ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് വിട്ട ഹസാർഡ് വേറെ ഒരു ക്ലബിലും ചേർന്നിരുന്നില്ല. അവസാന കുറച്ച് വർഷങ്ങക്കായി പരിക്കിനോട് പോരാടുന്ന താരം ഇന്ന് വിരമിക്കാനുള്ള തീരുമാനം ഫുട്ബോൾ ലോകത്തെ അറിയിച്ചു. നേരത്തെ ലോകകപ്പിൽ നിന്ന് ബെൽജിയം പുറത്തായതിന് പിന്നാലെ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചിരുന്നു. ഇന്ന് താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആണ് വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചെൽസിയിൽ അത്ഭുതങ്ങൾ കാണിച്ചിരുന്ന ഹസാർഡിന്റെ കരിയർ റയൽ മാഡ്രിഡിൽ എത്തിയതോടെയാണ് താഴോട്ടേക്ക് പതിച്ചത്. പരിക്ക് കാരണം ഒരിക്കലും റയലിനായി ഒരു നല്ല സ്പെൽ ഹസാർഡിന് കിട്ടിയിരുന്നില്ല. ചെൽസിയിൽ 7 സീസൺ കളിച്ച ഹസാർഡ് 6 കിരീടങ്ങൾ അവിടെ നേടിയിരുന്നു. 352 മത്സരങ്ങളിൽ നിന്ന് 110 ഗോളുകൾ അദ്ദേഹം നീല ജേഴ്സിയിൽ നേടി.
2018-ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സെമിഫൈനലിലെത്തിയ ബെൽജിയൻ ടീമിലെ പ്രധാനി ആയിരുന്നു ഹസാർഡ്. ബെൽജിയത്തിനായി 126 മത്സരങ്ങളിൽ നിന്ന് 33 ഗോളും 36 അസിസ്റ്റും ഹസാർഡ് നേടിയിട്ടുണ്ട്.