യൂറോപ്യൻ ചാംപ്യന്മാരിൽ നിന്ന് ചെൽസി ഇനി ലോകത്തിന്റെ നെറുകയിൽ. ഫിഫ ക്ലബ്ബ് ലോകകപ്പിൽ പാൽമിറാസിനെ 2-1 ന് വീഴ്ത്തിയ തോമസ് ടൂഷലിന്റെ ടീം അങ്ങനെ കപ്പ് സ്വന്തമാക്കി. ഇത് ആദ്യമായാണ് ചെൽസി ക്ലബ്ബ് ലോകകപ്പ് നേടുന്നത്. എക്സ്ട്രാ ടൈമിൽ കളി തീരാൻ 5 മിനുട്ട് ബാക്കി നിൽക്കെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഗോൾ നേടിയ കായ് ഹാവേർട്‌സ് തന്നെയാണ് ഇത്തവണയും ചെൽസിയുടെ ജയം ഉറപ്പിച്ച ഗോൾ നേടിയത്.
യൂറോപ്യൻ ജേതാക്കളോട് ഒട്ടും ഭയമില്ലാതെയാണ് ബ്രസീലിയൻ ടീം കളിച്ചത്. തുടർച്ചയായി ചെൽസി ഗോൾ മുഖം ആക്രമിച്ച അവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിച്ചില്ല. ചെൽസിയുടെ ആക്രമണം പക്ഷെ വേണ്ടത്ര മൂർച്ച ഉണ്ടായതും ഇല്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ അങ്ങനെ ഇരു ടീമുകളും ഗോൾ രഹിതമായാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ ചെൽസി ഉണർന്ന് കളിച്ചതോടെ അവർക്ക് ലീഡ് നേടാനായി. മികച്ച നീക്കത്തിന് ഒടുവിൽ ഓഡോയിയുടെ മിന്നും ക്രോസിൽ നിന്ന് ബുള്ളറ്റ് ഹെഡറിൽ റൊമേലു ലുകാക്കു 55 ആം മിനുട്ടിൽ ചെൽസിയെ മുന്നിൽ എത്തിച്ചു. പക്ഷെ 62 ആം മിനുട്ടിൽ തിയാഗോ സിൽവയുടെ ഹാൻഡ് ബോളിന് റഫറി പാൽമിറാസിന് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ വെയ്ഗ പന്ത് കൃത്യമായി വലയിലാക്കി സ്കോർ 1-1 ആക്കി. പക്ഷെ പിന്നീടുള്ള സമയത്ത് ഇരു ടീമുകൾക്കും ലക്ഷ്യം കാണാൻ സാധിക്കാതെ വന്നതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിൽ അരയും തലയും മുറുകിയ ചെൽസി ആക്രമണം തടുക്കുന്നതിന് ഇടയിൽ ഒരു തവണ പാൽമിറാസിന് പിഴച്ചു. ബോക്സിൽ ഹാൻഡ് ബോളിന് റഫറി മോണിറ്റർ നോക്കി ചെൽസിക്ക് പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഹാവേർട്‌സ് പിഴവ് കൂടാതെ പന്ത് വലയിലാക്കി ചെൽസി ജയം ഉറപ്പാക്കി. മുൻപ് 2 തവണ ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ വീണ നിലപട ഇത്തവണ കപ്പുമായി ലണ്ടനിലേക്ക് എന്ന് ഉറപ്പിച്ച ഗോളായിരുന്നു അത്.