ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തുടർച്ചയായ രണ്ടാം വിജയം നിഷേധിച്ചു കൊണ്ട് മൊണാക്കോ നാടകീയമായി സമനില പിടിച്ചു. ബുധനാഴ്ച രാത്രി സ്റ്റേഡ് ലൂയിസ് II-ൽ നടന്ന മത്സരത്തിൽ 2-2 എന്ന സ്‌കോറിനാണ് മൊണാക്കോ സിറ്റിയെ സമനിലയിൽ തളർത്തിയത്. ആദ്യ പകുതിയിൽ എർലിംഗ് ഹാലൻഡ് ഇരട്ട ഗോൾ നേടി മുന്നിലെത്തിച്ചെങ്കിലും, 90-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ എറിക് ഡയർ നേടിയ ഗോൾ മൊണാക്കോയ്ക്ക് ടൂർണമെൻ്റിലെ ആദ്യ പോയിൻ്റ് നേടിക്കൊടുത്തു.

മത്സരത്തിൻ്റെ 15-ാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളിൻ്റെ ഉയർന്ന് വന്ന പന്ത് സ്വീകരിച്ച് ഫിലിപ്പ് കോഹനെ മറികടന്ന് ഹാലൻഡ് സിറ്റിക്ക് ലീഡ് സമ്മാനിച്ചു. തുടർന്നും മൊണാക്കോ സമ്മർദ്ദത്തിലായിരുന്നെങ്കിലും, മൂന്ന് മിനിറ്റിന് ശേഷം ജോർദാൻ ടെസെ ദൂരെ നിന്ന് തൊടുത്ത തകർപ്പൻ ഷോട്ടിലൂടെ സമനില കണ്ടെത്തി. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ സിറ്റി വീണ്ടും മുന്നിലെത്തി. നിക്കോ ഓറെയ്‌ലിയുടെ ക്രോസിൽ തലവെച്ച് ഹാലൻഡ് തൻ്റെ രണ്ടാം ഗോൾ നേടി. ഇതോടെ വെറും 50 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഹാലൻഡ് 52 ഗോളുകൾ എന്ന നേട്ടം കൈവരിച്ചു.
സിറ്റിയുടെ ആധിപത്യം തുടർന്നുവെങ്കിലും മൊണാക്കോ പിന്മാറാൻ തയ്യാറായില്ല. മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ, നിക്കോ ഗോൺസാലസ് ഡയറിനെതിരെ അപകടകരമായ രീതിയിൽ ഉയർത്തിയ ബൂട്ടിന് സ്പാനിഷ് റഫറി ജെസ്യൂസ് ഗിൽ മൻസാനോ വി.എ.ആർ. (VAR) സഹായത്തോടെ പെനാൽറ്റി വിധിച്ചു. കിട്ടിയ അവസരം മുതലെടുത്ത് എറിക് ഡയർ ശാന്തമായി പന്ത് ജിയാൻലൂജി ഡൊണ്ണറുമ്മയെ മറികടന്ന് വലയിലെത്തിച്ച് ഫ്രഞ്ച് ടീമിന് നിർണ്ണായകമായ ഒരു പോയിന്റ് നേടിക്കൊടുത്തു.