ബാലൺ ദി ഓർ പുരസ്കാരത്തിൽ പിന്തള്ളപ്പെട്ടത്തിൽ അതൃപ്തി പരസ്യമാക്കി ഫ്രാൻസിന്റെ അത്ലറ്റികോ മാഡ്രിഡ് താരം ഗ്രീസ്മാൻ രംഗത്ത്. പുരസ്‌കാരം നേടാൻ താൻ ഇനി എന്താണ് കൂടുതൽ നേടേണ്ടത് എന്നറിയില്ല എന്നാണ് താരം പ്രതികരിച്ചത്. പുരസ്കാരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു താരം.
അത്ലറ്റികോ മാഡ്രിഡിനൊപ്പം യൂറോപ്പ ലീഗും ഫ്രാൻസിനൊപ്പം ലോകകപ്പും നേടിയ താരം പോയ സീസണിൽ മികച്ച പ്രകടനമാണ് നടത്തിയത്. യൂറോപ്പ ലീഗ് ഫൈനലിൽ 2 ഗോളുകൾ നേടി നിർണായക പങ്ക് വഹിച്ചിരുന്നു താരം. ലോകകപ്പിൽ 4 ഗോളുകളും 2 അസിസ്റ്റുകളും താരം നേടിയിരുന്നു. ഫൈനലിൽ മോഡ്റിച്ചിന്റെ ക്രോയേഷ്യക്ക് എതിരെ നേടിയ ഗോളും ഇതിൽ ഉൾപ്പെടും.
ഞാൻ ലോകകപ്പും യൂറോപ്പ ലീഗും നേടി, വിജയിക്കാൻ വേറെ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. ഭാവിയിൽ ഫ്രാൻസ് താരങ്ങളിൽ ഒരാൾ പുരസ്കാരം നേടുന്നത് താൻ പ്രതീക്ഷിക്കുന്നതായും താരം കൂട്ടി ചേർത്തു. അതേ സമയം പുരസ്‌കാരം നേടാൻ ഇനിയും കഠിനാധ്വാനം ചെയ്യുമെന്നാണ് ഗ്രീസ്മാന്റെ ഫ്രാൻസ് സഹ താരം കിലിയൻ എംബപ്പേ പ്രതികരിച്ചത്.