എവർട്ടന്റെ സ്റ്റാർ പ്ലെയർ ജാക്ക് ഗ്രീലിഷിന്റെ കാലിന് ഗുരുതരമായ പരിക്കേറ്റത് ക്ലബ്ബിന് വലിയ ആശങ്കയാകുന്നു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലോണിലെത്തിയ 30-കാരനായ താരത്തിന് പ്രാഥമിക പരിശോധനയിൽ കാലിലെ എല്ലിന് പൊട്ടൽ (Stress fracture) ഉണ്ടെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ആസ്റ്റൺ വില്ലയ്ക്കെതിരായ മത്സരത്തിൽ 90 മിനിറ്റും ഗ്രീലിഷ് കളിച്ചിരുന്നു. എന്നാൽ മത്സരത്തിന് ശേഷമാണ് പരിക്ക് ഗൗരവമാണെന്ന് വ്യക്തമായത്.
വിദഗ്ദ്ധ പരിശോധനയ്ക്കായി ഉടൻ തന്നെ അദ്ദേഹം ഒരു സ്പെഷ്യലിസ്റ്റിനെ കാണും. ഈ സീസണിൽ എവർട്ടനായി 20 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.
നിലവിൽ ടീമിൽ വേണ്ടത്ര പകരക്കാരില്ലാത്തത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. സെനഗലിനൊപ്പം ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടം നേടി ഇലിമാൻ എൻഡിയായെയും ഇദ്രിസ ഗുയേയും തിരിച്ചെത്തിയത് ടീമിന് ആശ്വാസമാണെങ്കിലും, പ്രതിരോധ താരം ജാറാഡ് ബ്രാന്ത്വെയ്റ്റ് ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഹാംസ്ട്രിംഗ് പരിക്ക് മാറി ക്യാപ്റ്റൻ സീമസ് കോൾമാൻ തിരിച്ചെത്തിയത് മാത്രമാണ് ടീമിന് നിലവിലുള്ള ഏക ആശ്വാസം.
വരുന്ന തിങ്കളാഴ്ച ലീഡ്സിനെതിരായ നിർണ്ണായക മത്സരം നടക്കാനിരിക്കെ, ഗ്രീലിഷിന്റെ അഭാവം ടീമിന്റെ ആക്രമണ നിരയെ ബാധിക്കും. ഗ്രീലിഷിന് പകരം ഡ്വൈറ്റ് മക്നീൽ, യുവതാരം ടൈലർ ഡിബ്ലിംഗ് എന്നിവരെയാകും മോയസ് ഇനി ആശ്രയിക്കുക. വലിയ ശമ്പളം നൽകി ടീമിലെത്തിച്ച പ്രധാന താരം ഇത്രയും സുപ്രധാനമായ സമയത്ത് പുറത്തിരിക്കേണ്ടി വരുന്നത് എവർട്ടന്റെ സീസൺ ലക്ഷ്യങ്ങളെ തന്നെ ബാധിച്ചേക്കാം.









