കൊച്ചി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ ഗോൾഡൻ ത്രെഡ്‌സ് എഫ്‌സി അപരാജിത കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച കൊച്ചി പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ഹോം മത്സരത്തില്‍ എഫ്‌സി ബംഗളൂരു യുണൈറ്റഡിനെ 1-1ന് സമനിലയില്‍ കുരുക്കി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ത്രെഡ്‌സ് സമനില പിടിച്ചത്. ആദ്യപകുതിയുടെ അധിക സമയത്ത് ഇര്‍ഫാന്‍ യദ്‌വദ് നേടിയ ഗോളില്‍ ബെംഗളൂരു മുന്നിലെത്തി. 83ാം മിനിറ്റില്‍ ഇ.എസ് സജീഷ് നേടിയ ഗോള്‍ ബെംഗളൂരിന്റെ വിജയം തടഞ്ഞു. അവസാന മിനിറ്റുകളില്‍ വിജയഗോള്‍ നേടാന്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് പലതവണ ശ്രമിച്ചെങ്കിലും ഫിനിഷിങിലെ അഭാവം വിനയായി.

ഷാജന്‍ ഫ്രാങ്കഌന്‍ ആണ് കളിയിലെ താരം. ഗ്രൂപ്പ് സിയില്‍ നാല് മത്സരങ്ങളില്‍ രണ്ടും ജയവും രണ്ട് സമനിലയുമായി ഗോള്‍ഡന്‍ ത്രെഡ്‌സ് എട്ട പോയിന്റോടെ ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു. മൂന്ന് കളിയില്‍ നിന്ന് ഏഴ് പോയിന്റുള്ള ബെംഗളൂരു എഫ്‌സി (റിസര്‍വ്) ടീമാണ് രണ്ടാമത്. ഏപ്രില്‍ 5ന് ഛത്തീസ്ഗഢിലെ നാരായണ്‍പൂരില്‍ നടക്കുന്ന അഞ്ചാം മത്സരത്തില്‍ രാമകൃഷ്ണ മിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് ഗോള്‍ഡന്‍ ത്രെഡ്‌സിന്റെ എതിരാളികള്‍.