കോഴിക്കോട്: ഐ ലീഗ് 2025-26 സീസണിന് മുന്നോടിയായി പുതിയ വിദേശ ഡിഫെൻഡറിനെ സൈൻ ചെയ്തിരിക്കുകയാണ് ഗോകുലം കേരള എഫ് സി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമിദ് അരിസോ യെ (29 വയസ്സ്) സ്വീഡൻ ക്ലബ്ബായ അരീണ്ടാൽ ഫുട്ബാൾ ൽ നിന്നാണ് ഗോകുലം സ്ക്വാഡിലേക്കെത്തിച്ചിരിക്കുന്നത്. അഫ്ഘാനിസ്ഥാൻ നാഷണൽ ടീമംഗമായ അമിദ് ടീമിനൊപ്പം വേൾഡ് കപ്പ് ക്വാളിഫൈയർസ്, ഏഷ്യ കപ്പ് ക്വാളിഫൈയർസ് ഉൾപ്പടെ നിരവധി മാച്ചുകളിൽ പന്തുതട്ടിയിട്ടുണ്ട്.
CAFA നേഷൻസ് കപ്പിൽ 2025 സെപ്റ്റംബറിൽ ഇന്ത്യക്കെതിരെ കളിച്ച അഫ്ഘാൻ ടീമിലും താരമുണ്ടായിരുന്നു.ക്ലബ് ഫുട്ബോളിൽ കരിയറിന്റെ ബഹു ഭൂരിപക്ഷവും താരം കളിച്ചത് സ്വീഡൻ ലീഗുകളിലാണ്. അരീണ്ടാൽ ഫുട്ബാൾ, മോസ് എഫ് കെ, ഗ്രാനെ അരീണ്ടാൽ തുടങ്ങി ഒട്ടനവധി ടീമുകൾക്ക് വേണ്ടിയും അമിദ് സ്വീഡനിൽ കളിച്ചിട്ടുണ്ട്. സെന്റര്‍ ബാക്, റൈറ്റ് ബാക് പൊസിഷനുകളിൽ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്.
“ഗോകുലം കേരളയിൽ ജോയിൻ ചെയ്യുന്നതിൽ സന്തോഷമുണ്ട്.ഇവിടെ ആദ്യ ദിനം മുതൽ എനിക്ക് പോസിറ്റീവ് അറ്റ്മോസ്ഫിയർ ആയിട്ടാണ് തോന്നിയിട്ടുള്ളത്.ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും ടീമിന് വിജയിക്കാനാവശ്യമായ കാര്യമാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്” എന്ന് അമിദ് പറഞ്ഞു.









