ഇന്ത്യൻ വനിതാ ലീഗ്; ഗോകുലം കേരളക്ക് തോൽവി

Newsroom

Picsart 25 04 05 20 13 53 393

കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് തോൽവി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കിക്‌സ്റ്റാർട്ട് എഫ്.സിയോടാണ് ഗോകുലം കേരള തോൽവി വഴങ്ങിയത്.

അവസാന മസരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ പന്തുതട്ടിത്തുടങ്ങിയ ഗോകുലത്തിന് തുടക്കത്തിൽ മികച്ച രീതിയിൽ കളിക്കാൻ കഴിഞ്ഞു. ആദ്യ പാദത്തിൽ ഗോളിലേക്കായി ഗോകുലത്തിന് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. മത്സരം പുരോഗമിക്കുകവെ ആതിഥേയരെ ഞെട്ടിച്ച് കിക് സ്റ്റാർട്ട് ആദ്യ ഗോൾ നേടി. ഗോകുലം കേരളയുടെ പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ലഭിച്ച അവസരം കൃത്യമായി മുതലാക്കിയതോടെ ആദ്യ പകുതിയിൽ കിക് സ്റ്റാർട്ട് ഒരു ഗോളിന്റെ ലീഡ് നേടി. ഏഴാം മിനുട്ടിൽ ഫിലോയായിരുന്നു കിക്‌സറ്റാർട്ടിനായി ഗോൾ നേടിയത്.

ഒരു ഗോൾ വഴങ്ങിയതോടെ ഗോകുലം സമ്മർദത്തിലായി. ആദ്യ പകുതിൽ തന്നെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ മലബാറിയൻസ് ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ കടവുായി അവസാനിച്ചു. രണ്ടാം പകുതിയിൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം പരമാവധി ശ്രമിച്ചു. തുടരെ കിക്സ്റ്റാർട്ടിന്റെ ബോക്‌സിൽ പന്തെത്തിച്ചുകൊണ്ടിരുന്നു. എന്നാൽ ശ്രമങ്ങളെല്ലാം വിഫലമായി. ഗോകുലത്തിന്റെ ടോപ് സ്കോറെർ ഫസീലയെ കൃത്യമായി മാർക്ക് ചെയ്യുന്നതിൽ കിക്ക്‌ സ്റ്റാർട്ട് ഡിഫെൻഡേർസ് വിജയിച്ചു.

മത്സരം പുരോഗമിക്കവെ 51ാം മിനുട്ടിൽ കിക്‌സ്റ്റാർട്ട് രണ്ടാം ഗോളും നടി ഗോകുലത്തെ സമ്മർദത്തിലാക്കി. 51ാം മിനുട്ടിൽ കരിഷ്മയുടെ വകയായിരുന്നു രണ്ടാം ഗോൾ. പിന്നീട് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലം പരമാവധി ശ്രമിച്ചുവെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. തുടർന്ന് തോൽവിയോടെ മടങ്ങേണ്ടി വന്നു. ഏപ്രിൽ 13ന് നിത ഫുട്‌ബോൾ ക്ലബിനെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.