ഇന്ന് വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഗോകുലം കേരള എഫ്‌സി ഷില്ലോംഗ് ലജോംഗ് എഫ്‌സിയെ നേരിടും. 20 പോയിൻ്റുമായി നാലാം സ്ഥാനത്തുള്ള ഗോകുലം നിലവിൽ 19 പോയിൻ്റുമായി ആറാം സ്ഥാനത്തുള്ള ഷില്ലോങ് ലജോങ് എഫ്‌സിക്ക് എതിരെ വിജയം തന്നെ ലക്ഷ്യമിട്ടാകും ഇറങ്ങുന്നത്.
ഈ മത്സരം ഗോകുലം കേരള എഫ്‌സിക്ക് നിർണായകമാണ് , രണ്ടാം സ്ഥാനത്തുള്ള റിയൽ കശ്മീരുമായി പോയിൻ്റ് നിലയിൽ ഒപ്പമെത്താൻ ഒരു വിജയം നേടിയാൽ ഗോകുലത്തിനാകും. ഈ സീസണിൽ 13 ഗോളുകൾ നേടിയ ലീഗിലെ ടോപ് സ്‌കോററായ അലക്‌സ് സാഞ്ചസിൻ്റെ മികച്ച പ്രകടനം ആണ് ഗോകുലത്തിന്റെ പ്രതീക്ഷ. അടുത്തിടെ ജോനാഥൻ വിയേര, ബാബോവിച്ച്, നിക്കോള സ്റ്റോഹനോവിച്ച് തുടങ്ങിയ പുതിയ വിദേശ കളിക്കാരെ സൈൻ ചെയ്ത് ഗോകുലം ശക്തി വർധിപ്പിച്ചിട്ടുണ്ട്.
അവസാന മത്സരത്തിൽ, ഗോകുലം കേരള എഫ്‌സി ഇൻ്റർ കാശിക്കെതിരെ 4-2 ന് വിജയിച്ചിരുന്നു, ഹോം ഗ്രൗണ്ട് അഡ്വാൻറ്റേജ്ഉം നവീകരിച്ച സ്ക്വാഡും ഉള്ളതിനാൽ, തങ്ങളുടെ ഫാൻസിന് മുന്നിൽ മറ്റൊരു നിർണായക വിജയം ഉറപ്പാക്കാൻ ഗോകുലത്തിനാകും എന്ന് പ്രതീക്ഷിക്കാം. ലീഗിൽ മുൻപ് ഷില്ലോങ്ങിനോട് ഏറ്റുമുട്ടിയപ്പോൾ ഗോകുലം കേരള 1-3 സ്കോറിന് പരാജയപ്പെട്ടിരുന്നു.