ഐ ലീഗ് കിരീടം മോഹിച്ച് എത്തുന്ന ഗോകുലം കേരള ഇന്ന് (19-12-2024) രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിയെ നേരിടും. എവേ മത്സരത്തിൽ ഷില്ലോങ് ലജോങ്ങിനെതിരേയുള്ള സമനിലക്ക് ശേഷമാണ് ഗോകുലം സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. ലജോങ്ങിനെതിരേയുള്ള മത്സരം ഗോൾ രഹിതമായിട്ടായിരുന്നു അവസാനിച്ചത്. സീസണിൽ അഞ്ച് മത്സരം പൂർത്തിയായപ്പോൾ ആറു പോയിന്റാണ് ഗോകുലത്തിനുള്ളത്. അഞ്ച് മത്സരത്തിൽ ഒരു മത്സരത്തിൽ ജയിച്ച ഗോകുലം മൂന്ന് സമനിലയും ഒരു തോൽവിയും നേരിട്ടു. അവസാനമായി നടന്ന ഹോം മത്സരത്തിൽ ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്‌സിനോട് തോറ്റിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അന്ന് ഗോകുലത്തിന്റെ തോൽവി. അതിനാൽ ഇന്നത്തെ ഹോം മത്സരത്തിൽ ജയത്തോടെ തിരിച്ചുവന്ന് ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടിയാണ് മലബാറിയൻസ് കളത്തിലിറങ്ങുന്നത്.
എവേ മത്സരത്തിൽ തോൽക്കാതെ ലജോങ്ങിനെതിരേ മികച്ച പ്രകടനമായിരുന്നു ടീം പുറത്തെടുത്തത്. ഇന്നത്തെ മത്സരത്തിൽ ജയം മാത്രമാണ് ലക്ഷ്യം. ടീമിന്റെ പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കാൻ കഴിഞ്ഞാൽ ഇന്ന് ജയിക്കാൻ കഴിയും, മുഖ്യ പരിശിലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി. അവസാന മൂന്ന് മത്സരത്തിൽ രണ്ട് തോൽവിയും ഒരു ജയവുമായിട്ടാണ് രാജസ്ഥാൻ എത്തുന്നത്. 14ന് ഐസ്വാളിനെതിരേ നടന്ന മത്സരത്തിൽ 2-1 ജയിച്ച രാജസ്ഥാൻ തൊട്ടുമുൻപ് നടന്ന മത്സരത്തിൽ ലജോങ്ങിനോട് എതിരില്ലാത്ത എട്ടു ഗോളിനായിരുന്നു തോറ്റത്. അവസാന മത്സരത്തിൽ ഐ സ്വാൾ എഫ്.സി യെ തോൽപ്പിച്ച രാജസ്ഥാൻ ജയം തുടരാനാകും എത്തുക. അതിനാൽ ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മികച്ചൊരു പോരാട്ടം പ്രതീക്ഷിക്കാനാകും. അഞ്ച് മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള രാജസ്ഥാൻ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. രാത്രി ഏഴിനാണ് മത്സരം.