ബംഗളൂരു: ഐ ലീഗിൽ തുടർ ജയവുമായി ഗോകുലം കേരള. ഇന്ന് നടന്ന മത്സരത്തിൽ 2-1 എന്ന സ്‌കോറിന് എസ്.സി ബംഗളൂരുവിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. അവസാന മത്സരത്തിൽ നാംധാരി എഫ്.സിക്കെതിരേ ജയിച്ചതിന്റെ ആത്മിവിശ്വാസത്തിലായിരുന്നു മലബാറിയൻസ് കളത്തിലിറങ്ങിയത്.

മത്സരം തുടങ്ങിയ ആദ്യ പകുതിയിൽ ഗോകുലം മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും പന്ത് എതിർ വലയിലെത്തിക്കാൻ കഴിഞ്ഞില്ല. പലപ്പോഴും ഗോളിലേക്കുള്ള അവസരങ്ങൾ ലഭിച്ചുവെങ്കിലും ഫൈനൽ തേഡിൽ ഭാഗ്യം തുണച്ചില്ല. തുടർന്ന് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 46ാം മിനുട്ടിൽ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തി. നാംധാരിക്കെതിരേയുള്ള മത്സരത്തിൽ ഇരട്ട ഗോൾ നേടിയ താബിസോ മികച്ച നീക്കത്തിലൂടെയായിരുന്നു പന്ത് ബംഗളൂരുവിന്റെ വലയിലെത്തിച്ചത്. ഓരു ഗോൾ നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഗോകുലം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
മത്സരം പുരോഗമിക്കവെ 75ാം മിനുട്ടിൽ ഗോകുലം രണ്ടാം ഗോളും നേടി. അദമ നെയ്‌നെയായിരുന്നു രണ്ടാം ഗോൾ നേടിയത്. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുരാന് ബംഗളൂരുവും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഈ സമയത്ത് മലബാറിയൻസ് പ്രതിരോധം ശക്തമാക്കി. ഒടുവിൽ ഗോകുലത്തിന്റെ പ്രതിരോധം പൊളിച്ച് ബംഗളൂരു ആശ്വാസ ഗോൾ നേടി. 90ാം മിനുട്ടിൽ തോമോയ് ശിംറയ് ആയിരുന്നു ബംഗളൂരുവിനായി ഗോൾ നേടിയത്.
സീസണിൽ 20 മത്സരം പൂർത്തിയാക്കിയ ഗോകുലം 34 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. ഇത്രയും മത്സരത്തിൽനിന്ന് 20 പോയിന്റുള്ള ബംഗളൂരു 10ാം സ്ഥാനത്തും നിൽക്കുന്നു. 30 ന് ശ്രീനിധി ഡക്കാനെതിരേയാണ് ഗോകുലം കേരളയുടെ ഐ ലീഗിലെ അടുത്ത മത്സരം.(ഹോം മത്സരം)