കോഴിക്കോട്: ഐ ലീഗിൽ തുടർ ജയങ്ങളുമായി ആത്മവിശ്വാസം വീണ്ടെടുത്ത ഗോകുലം കേരള ഇന്ന് സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഷില്ലോങ് ലജോങ്ങിനെതിരേ കളത്തിലിറങ്ങുന്നു. അവസാനമായി നടന്ന എവേ മത്സരത്തിൽ ഐസ്വാൾ എഫ്.സിക്കെതിരേ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം താരങ്ങൾ ഇന്ന് കളത്തിലിറങ്ങുന്നത്. തുടർച്ചയായ രണ്ടാം ജമായിരുന്നു ഗോകുലം നേടിയത്. ജയിച്ചതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തിയ മലബാറിയൻസിന് ഇന്നും ജയിക്കുകയാണെങ്കിൽ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്താൻ കഴിയും.

സീസണിൽ 16 മത്സരം കളിച്ച ഗോകുലം അഞ്ച് എണ്ണത്തിൽ തോൽക്കുകയും ഏഴ് വിജയവും നാലു സമനിലയുമാണ് സമ്പാദ്യം. 16 മത്സരത്തിൽനിന്ന് 23 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന ഷില്ലോങ് ലജോങ് മികച്ച ടീമാണ്. അവരെ വീഴ്ത്തണമെങ്കിൽ മലബാറിയൻസിന് കരുതലോടെ കരുക്കൾ നീക്കേണ്ടി വരും. അവസാനമായി ഐസ്വാളിനെതിരേ കളിച്ച എവേ മത്സരത്തിൽ 2-1 എന്ന സ്കോറിനായിരുന്നു ഗോകുലത്തിന്റെ ജയം. തൊട്ടുമുൻപ് ഡൽഹിക്കെതിരേ നടന്ന മത്സരത്തിൽ 6-3 എന്ന സ്കോറിന്റെ മികച്ച ജയമായിരുന്നു ഗോകുലം നേടിയത്. ഈ രണ്ട് ജയങ്ങൾ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചതിനാൽ ഇന്നത്തെ മത്സരത്തിലും അനായാസം ജയിച്ചു കയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗോകുലം താരങ്ങൾ കളത്തിലിറങ്ങുന്നത്.
അവസാനമായി കളിച്ച മത്സരത്തിൽ ബംഗളൂരു എഫ്.സിക്കെതിരേ തോൽവി രുചിച്ചാണ് ലജോങ് എത്തുന്നത്. അവസാന മത്സരം തോറ്റതിനാൽ ജയത്തോടെ തിരിച്ചുവരുക എന്ന ഉദ്യേശത്തിൽ എതിരാളികൾ ഇറങ്ങുമ്പോൾ ഗോകുലം ശ്രദ്ധയോടെ കളിക്കേണ്ടി വരും. രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ സ്ത്രീകൾക്ക് പ്രവേശനം സൗജന്യമായിരിക്കും.