ശ്രീനഗർ, 29/11/2024: ഇന്ന് ശ്രീനഗറിലെ ടി ആർ സി ടർഫിൽ നടക്കുന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീർ എഫ് സിയെ നേരിടും, ഉച്ചക്ക് രണ്ടിനാണ് മത്സരം. ssen ആപ്പിലൂടെ മത്സരം തത്സമയം കാണാവുന്നതാണ്. ഐ ലീഗിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ കളിച്ചപ്പോൾ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനേ തോൽപിച്ച ഗോകുലം രണ്ടാം സ്ഥാനത്താണുള്ളത്, റിയൽ കാശ്മീർ രാജസ്ഥാൻ യുണൈറ്റഡിനെ തോല്പിച്ചുകൊണ്ട് നിലവിൽ ഒന്നാം സ്ഥാനത്താണ്.
ഐ ലീഗിലെ ഹോം മത്സരങ്ങളിൽ ഏറ്റവും മികച്ച ഹോം റിസൾട്ട് കാഷ്മീരിന്റെയാണ്, എന്നിരുന്നാൽ കൂടെ ചാംപ്യൻഷിപ് ലക്ഷ്യമിടുന്ന ഗോകുലം കേരളക്ക് ജയിക്കുക നിർണായകമാണ്. ഡിഫെൻസിലെ കെട്ടുറപ്പാണ് റിയൽ കശ്മീരിന്റെ മുഖമുദ്ര, ഗോകുലത്തിനാവട്ടെ മുൻ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്നിട്ടുകൂടെ ഗോളുകൾ അടിച്ചുകൂട്ടി കളിജയിപ്പിച്ച സ്‌ട്രൈക്കേഴ്‌സ് ആണ് കരുത്ത്. അറ്റാക്കിങ് ഫുട്ബോൾ തന്നെയാണ് തന്റെ ശൈലിയെന്ന് ഗോകുലം ഹെഡ് കോച്ച് അന്റോണിയോ റുവേടയും പറഞ്ഞിരുന്നു. മുൻ മത്സരത്തിൽ മൂന്നുഗോളുകളും നേടിയത് മൂന്നു വ്യത്യസ്ത കളിക്കാരായിരുന്നു. ടീമിന് മുന്നേറ്റനിരയിൽ അത്തരത്തിൽ മാറ്റി പരീക്ഷിക്കാവുന്ന ഇന്ത്യൻ / വിദേശ താരങ്ങൾ അനവധിയുണ്ട്.
“റിയൽ കാശ്മീരിനെ നേരിടുന്നതിൽ വെല്ലിവിയാവുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയാണ്, എന്നിരുന്നാലും ടീം ഈ സീസണിൽ തന്നെ ലേയിൽ നടന്ന ക്ലൈമറ്റ് കപ്പ് കളിക്കുകയും അതിൽ ചാമ്പ്യൻസ് ആവുകയും ചെയ്തത് സമാന കാലാവസ്ഥയിൽ കളിച്ചുകൊണ്ട് തന്നെയാണ്, അതിനാൽ ഈ വെല്ലിവിളി ടീമിന് മറികടക്കാനായേക്കും” എന്ന്’ഗോകുലം കേരള എഫ്സി ഹെഡ് കോച്ച് അന്റോണിയോ റുവേട പറഞ്ഞു.