ലൂധിയാന: ഐ ലീഗിൽ ജയം തുടർന്ന് ഗോകുലം കേരള. ഇന്ന് നടന്ന മത്സരത്തിൽ 3-1 എന്ന സ്‌കോറിന് നാംധാരി എഫ്.സിയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ കൃത്യമായ നീക്കങ്ങളോടെയായിരുന്നു ഗോകുലം തുടങ്ങിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ ഗോൾ നേടാനായി മലബാറിയൻസിന് പല അവസരങ്ങളും ലഭിച്ചുവെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. നാംധാരിയുടെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഈ മുൻതൂക്കം മുതലാക്കാൻ ഗോകുലത്തിന് കഴിഞ്ഞു. 27ാം മിനുട്ടിൽ സുഖൻദീപ് സിങ്ങായിരുന്നു ആദ്യം ചുവപ്പ് കാർഡ് വാങ്ങി മടങ്ങിയത്. പിന്നീട് 60ാം മിനുട്ടിൽ ഡെയും ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടതോടെ പിന്നീട് ഒൻപത് പേരുമായിട്ടായിരുന്നു നാംധാരി മത്സരം പൂർത്തിയാക്കിയത്.
57ാം മിനുട്ടിൽ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തി. ഒരു ഗോൾ നേടിയതോടെ ഗോകുലം ആത്മവിശ്വാസത്തോടെ കളിച്ചു. എന്നാൽ 63ാം മിനുട്ടിൽ മാൻവിർ സിങ്ങിലൂടെ ഗോൾ മടക്കി നാംധാരി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തി. 60ാം മിനുട്ടിൽ നാംധാരിയുടെ രണ്ടാമത്തെപ്ലെയറും ചുവപ്പ് കാർഡ് വാങ്ങി പിൻവാങ്ങിയതോടെ ഗോകുലത്തിന്റെ പ്രതീക്ഷ വർധിച്ചു. മത്സരം പുരോഗമിക്കവെ 81ാം മുനുട്ടിൽ അദമ നിയാനെയുടെ ഗോളിൽ ഗോകുലം ലീഡ് നേടി. ലീഡ് നേടിയതോടെ ഗോകുലം അക്രമം കടുപ്പിച്ചു.
ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു. 92ാം മിനുട്ടിൽ നാച്ചോ അബലെഡോയായിരുന്നു മൂന്നാം ഗോൾ നേടിയത്.
ജയത്തോടെ 19 മത്സരത്തിൽനിന്ന് 31 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുന്നു. ഇത്രയും മത്സരത്തിൽനിന്ന് 26 പോയിന്റുള്ള നാംധാരി പട്ടികയിൽ ഏഴാം സ്ഥാനത്തുമുണ്ട്. 22ന് എവേ മത്സരത്തിൽ ഗോകുലം കേരള സ്പോർടിംഗ് ബെംഗളൂരുവിനെ നേരിടും.