അഞ്ചു വർഷങ്ങൾ എട്ട് കിരീടങ്ങൾ, കിരീടത്തെ സ്നേഹിച്ച് ഗോകുലം കേരള

ഇന്ന് സേതു എഫ് സിയെ പരാജയപ്പെടുത്തിയതോടെ ഗോകുലം കേരള ഒരു കിരീടം കൂടെ ഉയർത്തിയിരിക്കുക ആണ്. ഇന്ത്യൻ വനിതാ ലീഗ് കിരീടം. അതും തുടർച്ചയായി രണ്ടാം തവണ. ഈ സീസണിൽ കളിച്ച 11 മത്സരങ്ങളും വിജയിച്ചാണ് ഗോകുലം കേരള കിരീടം ഉയർത്തിയത്. ദിവസങ്ങൾ മാത്രമെ ആയുള്ളൂ ഗോകുലം കേരള ഐ ലീഗ് കിരീടം നേടിയിട്ട്. അതിന്റെ ആഘോഷം അവസാനിക്കും മുമ്പ് ഒരു കിരീടം കൂടെ‌. ഗോകുലത്തിന്റെ ട്രോഫി ക്യാബിനറ്റ് നിറയുക ആണെന്ന് പറയാം.20220526 220651

ഇന്നത്തെ കിരീടം ഗോകുലം ടീമിന്റെ എട്ടാം വലിയ കിരീടമാണിത്. അഞ്ചു വർഷം മുമ്പ് ആയിരുന്നു ഗോകുലം കേരള ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെട്ടത്. അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള എട്ടു കിരീടങ്ങൾ നേടി എന്നത് അഭിമാനകരമാണ്. ഇന്ത്യൻ ഫുട്ബോളിൽ വേറെ ഒരു ക്ലബിനും പറയാൻ പറ്റാത്ത വല്ലാത്ത കഥ ആണിത്.

ഗോകുലം കേരള വനിതാ ടീം രണ്ട് തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടി തിളങ്ങി. ഗോകുലം കേരളയുടെ പുരുഷ ടീം രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.20220515 221430

ഈ കിരീടങ്ങൾ കൂടാതെ ഗോകുലം റിസേർവ്സ് ടീം ബൊദൗസ കപ്പ്, ഇൻഡിപെൻഡൻസ് ഡേ കപ്പ് എന്നിവയും നേടിയിട്ടുണ്ട്. ഇത് കൂടാതെ ഏഷ്യയിൽ പുരുഷ ടീമും വനിതാ ടീമും കളിച്ച ഏക ഇന്ത്യൻ ക്ലബുമാണ് ഗോകുലം കേരള.