ഐ ലീഗിൽ ജയം തുടരാൻ ഗോകുലം കേരള ഇന്ന് ഇന്റർ കാശിക്കെതിരേ കളത്തിലിറങ്ങുന്നു. കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. തുടർച്ചയായ രണ്ട് ജയത്തിന് ശേഷം മൂന്നാം ജയം ലക്ഷ്യമിട്ടാണ് മലബാറിയൻസ് എത്തുന്നത്. അവസാനമായി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ബംഗളൂരുവിനെ തോൽപ്പിച്ച ഗോകുലം തൊട്ടുമുൻപുള്ള മത്സരത്തിൽ ഇന്റർകാശിയെ തരിപ്പണമാക്കിയിരുന്നു. ഹോം മത്സരത്തിൽ 6-2 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ ജയം.
ഇന്ന് നടക്കുന്ന എവേ മത്സരത്തിൽ ഇന്റർ കാശിയെ തോൽപ്പിക്കാനുറച്ചാണ് ഗോകുലം ബൂട്ടണിയുന്നത്. നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ഗോകുലത്തിന്റെ ഗോൾ വരൾച്ചക്ക് പരിഹാരം ആയിട്ടുണ്ട്. മുന്നേറ്റത്തിൽ വിദേശതാരം സിനിസ സ്റ്റാനിസാവിന്റെ സാന്നിധ്യം ടീമിന്റെ നീക്കങ്ങൾക്ക് കരുത്ത് പകർന്നിട്ടുണ്ട്. ഇന്റർ കാശിക്കെതിരേയുള്ള മത്സരത്തിൽ ഹാട്രിക് നേടിയായിരുന്നു താരം ടീമിനെ വിജയത്തിലെത്തിച്ചത്. ഇന്റർ കാശിക്കെതിരേയുള്ള മത്സരത്തിൽ രണ്ട് ഗോൾ നേടിയ നാച്ചോ അബെലഡോയുടെ ഇരട്ട ഗോളായിരുന്നു ബംഗളൂരുവിനെതിരേയുള്ള മത്സരത്തിൽ മലബാറിയൻസിന് കരുത്തായത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ഇരു താരങ്ങളും ഫോം നിലനിർത്തുകയാണെങ്കിൽ ഇന്ന് എവേ മത്സരത്തിലും ഇന്റർ കാശിയെ വീഴ്ത്താൻ ഗോകുലത്തിന് കഴിയും.
” അവസാന രണ്ട് മത്സരത്തിലെ ജയം ചെറുതല്ലാത്ത ആത്മവിശ്വാസം ടീമിന് നൽകുന്നുണ്ട്. അതിനാൽ എവേ മത്സരത്തിൽ ഇന്റർ കാശിയെ വീഴ്ത്തി മൂന്ന് പോയിന്റ് നേടുക എന്നതാണ് പ്രധാന ലക്ഷ്യം. മുഖ്യ പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി. നിലവിൽ ടീമിൽ പരുക്കും മറ്റുമില്ലാത്തതിനാൽ മികച്ച ഇലവനെ കളത്തിലിറക്കാൻ കഴിയും” അദ്ദേഹം കൂട്ടിച്ചേർത്തു.
11 മത്സരം പൂർത്തിയായപ്പോൾ അഞ്ച് വിജയം നാല് സമനില, രണ്ട് തോൽവി എന്നിവ നേരിട്ട ഗോകുലം 19 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ന് ജയിക്കുകയാണെങ്കിൽ സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്താൻ ടീമിന് കഴിയും.