കോഴിക്കോട്: ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളയുടെ തേരോട്ടം തുടരുന്നു. ഉഗാണ്ടൻ താരം ഫസീലയുടെ ഗോളിന്റെ കരുത്തിലാണ് ഗോകുലം ജയിച്ചു കയറിയത്. സ്വന്തം തട്ടകമായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സേതു എഫ്.സിയെയാണ് ഗോകുലം തോൽപ്പിച്ചത്.

അവസാന മത്സരത്തിൽ ശ്രീഭൂമി എഫ്.സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഗോകുലം. ശക്തരായ സേതുവിനെതിരേ തുടക്കത്തിൽ കരുതലോടെയായിരുന്നു ഗോകുലം കളിച്ചു തുടങ്ങിയത്. മത്സരത്തിൽ തുടക്കത്തിൽ ഇരു ടീമുകളും തുടരെ ഗോൾമുഖം അക്രമിച്ച് കൊണ്ടിരുന്നു. മത്സരം പുരോഗമിക്കുന്നതിടെ 14ാം മിനുട്ടിൽ ഗോകുലം ഗോൾ കണ്ടെത്തി. ഫസീലയായിരുന്നു ഗോകുലത്തിനായി ലീഡ് സമ്മാനിച്ചത്. തൊട്ടുമുൻപ് നടന്ന മത്സരത്തിൽ ഗോകുലത്തിനായി ഹാട്രിക് നേടാനും ഫസീലക്ക് കഴിഞ്ഞിരുന്നു.
ഒരു ഗോൾ ലീഡ് നേടിയതോടെ ആത്മവിശ്വാസത്തോടെ കളിക്കാൻ ഗോകുലത്തിന് കഴിഞ്ഞു. ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു.
ഒരു ഗോൾ ലീഡിന്റെ ആത്മവിശ്വാസത്തിൽ മികച്ച ആത്മവിശ്വാസത്തോടെയായിരുന്നു ഗോകുലം രണ്ടാം പകുതി തുടങ്ങിയത്. രണ്ടാം പകുതിയിൽ സേതു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും ഗോകുലം ശക്തമായി പ്രതിരോധിച്ചു. ഗോളിലേക്കായി സേതുവിന്റെ മികച്ച നീക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധത്തിൽ മാർട്ടിനയുടെയും ഗോൾകീപ്പർ പാലയിന്റെയും ഇടപെടലുകൾ അപകടം ഒഴിവാക്കി. പിന്നീട് സേതുവിനെ ഗോൾ നേടുന്നതിൽനിന്ന് തടയിട്ടതോടെ മത്സരം 1-0 എന്ന സ്‌കോറിൽ അവസാനിക്കുകയായിരുന്നു.
അഞ്ചിന് കിക്സ്റ്റാർട്ട് എഫ്.സിക്കെതിരേയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.