ഗോകുലം കേരള 3- ഒഡിഷ എഫ്.സി 1
ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗിൽ ജയം തുടർന്ന് ഗോകുലം കേരള. ഇന്ന് നടന്ന എവേ മത്സരത്തിൽ 3-1 എന്ന സ്‌കോറിന് ഒഡിഷ എഫ്.സിയെയാണ് ഗോകുലത്തിന്റെ പെൺ പുലികൾ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉഗാണ്ടൻ താരം ഫസീലയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു മലബാറിയൻസിന്റെ ജയം.

തുടർ ജയങ്ങൾ കാരണം ആത്മിവിശ്വാസം തിരിച്ചുപിടിച്ച ഗോകുലം മികച്ച രീതിയിലായിരുന്നു തുടങ്ങിയത്. തുടക്കത്തിൽ തന്നെ ഗോളിലേക്കായി മലബാറിയൻസിന് മികച്ച അവസരങ്ങൾ ലഭിച്ചുവെങ്കിലും പലപ്പോഴും ഭാഗ്യം തുണച്ചില്ല. മത്സരം പുരോഗമിക്കവെ 32ാം മിനുട്ടിൽ വീണ സെൽഫ് ഗോളായിരുന്നു ഗോകുലത്തിന് തുണയായത്. ഇതോടെ ഒരു ഗോളിന്റെ ലീഡ് നേടിയ ഗോകുലം അക്രമണം ശക്തമാക്കി. ശക്തമായി മുന്നേറ്റത്തിനൊടുവിൽ 43ാം മിനുട്ടിൽ രണ്ടാം ഗോളും നേടി ഗോകുലും ലീഡ് രണ്ടാക്കി ഉയർത്തി.
വിദേശ താരം ഫസീലയായിരുന്നു രണ്ടാം ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതിയിൽ ഗോകുലം രണ്ട് ഗോളിന് മുന്നിട്ട് നിന്നു. ആദ്യ പകുതിയിൽ മികച്ച ലീഡുമായി മത്സരം അവസാനിപ്പിച്ച ഗോകുലം വനിതകൾ രണ്ടാം പകുതിയിൽ മികച്ച ഊർജവുമായിട്ടായിരുന്നു തിരിച്ചെത്തിയത്. എന്നാൽ 50ാം മിനുട്ടിൽ ഒഡിഷ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തി. നേഹയായിരുന്നു ഒഡിഷക്കായി ഗോൾ നേടിയത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഗോകുലം വീണ്ടും ഒഡിഷയുടെ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു.
ശക്തമായ നീക്കത്തിനൊടുവിൽ 55ാം മിനുട്ടിൽ ഫസീല താരത്തിന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും ഒഡിഷയുടെ വലയിലെത്തിച്ചു. പിന്നീട് ഒഡിഷയെ പ്രതിരോധിച്ച് നിന്ന ഗോകുലം മത്സരത്തിൽ 3-1ന്റെ ജയം നേടുകയായിരുന്നു. ലീഗിൽ ഗോകുലം കേരളയുടെ തുടർച്ചയായ അഞ്ചാം ജയമായിരുന്നു ഇന്നലെ നേടിയത്.
നിലവിൽ എട്ട് മത്സരം പൂർത്തിയാക്കി ഗോകുലം 20 പോയിന്റ് നേടിയിട്ടുണ്ട്. 20ന് ഹോപ്‌സ് ക്ലബിനെതിരേയാണ് ഗോകുലം വനിതകളുടെ ലീഗിലെ അടുത്ത മത്സരം.