ജയ്പൂർ: ഐ ലീഗിൽ ഗോകുലം കേരളക്ക് ജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ രാജാസ്ഥാൻ എഫ്.സിയെയാണ് ഗോകുലം വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മലബാറിയൻസിന്റെ ജയം. മുന്നേറ്റതാരം താബിസോ ബ്രൗണിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ഗോകുലം മികച്ച ജയം നേടിയത്. 45,80 മിനുട്ടുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകൾ.

അവസാന മത്സരത്തിൽ ലജോങ്ങിൽ നിന്നേറ്റ തോൽവിയുടെ ക്ഷീണം തീർക്കാൻ ജയിക്കുക എന്ന തീരുമാനത്തോടെയായിരുന്നു ഗോകുലം കളത്തിലിറങ്ങിയത്. തുടക്കത്തിൽ തന്നെ മികച്ച നീക്കങ്ങളുമായി കളം നിറഞ്ഞ് കളിച്ച ഗോകുലം രാജസ്ഥാന് മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാൽ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ലഭിച്ച അവസരത്തിലെല്ലാം കൗണ്ടർ അറ്റാക്കുമായി രാജസ്ഥാനും ഗോകുലത്തിന്റെ ഗോൾമുഖത്ത് എത്തിക്കൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഗോൾ നേടി ഗോകുലം ലീഡ് നേടി. താബിസോ ബ്രൗണിന്റെ വകയായിരുന്നു ആദ്യ ഗോൾ.
ഒരു ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച ഗോകുലം രണ്ടാം പകുതിയുടെ തുടക്കത്തിൽ മികച്ച നീക്കങ്ങൾ നടത്തി. ഒടുവിൽ അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 57ാം മിനുട്ടിൽ അതുൽ ഉണ്ണികൃഷ്ണനിലൂടെ ഗോകുലം ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോൾ ലീഡ് നേടിയതോടെ രാജസ്ഥാന് മേൽ സമ്പൂർണ ആധിപത്യം നേടിയ ഗോകുലത്തിന് പിന്നീട് കാര്യങ്ങൾ അനായാസമായിരുന്നു. 80ാം മിനുട്ടിൽ ഗോകുലം താരം തൊടുത്ത ഷോട്ട് പോസ്റ്റ് തട്ടി തെറിക്കുകയായിരുന്നു. തൊട്ടു മുൻപിലുണ്ടായിരുന്ന ബ്രൗൺ റീ ബോണ്ട് വന്ന പന്ത് അനായാസം വലയിലെത്തിച്ചു. സ്‌കോർ 3-0. പിന്നീട് ഗോളൊന്നും പിറക്കാതിരുന്നതോടെ മത്സരം 3 -0 എന്ന സ്‌കോറിന് അവസാനിച്ചു.
18 മത്സരത്തിൽ നിന്ന് 28 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രയും മത്സരത്തിൽനിന്ന് 24 പോയിന്റുള്ള രാജസ്ഥാൻ എട്ടാം സ്ഥാനത്തുമുണ്ട്. 17ന് നാംമധാരിയിൽ വച്ച് നാംധാരി എഫ്.സിക്കെതിരേയാണ് ഗോകുലത്തിന്റെ ലീഗിലെ അടുത്ത മത്സരം.