പനജി: ഗോവയിൽ നടന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരളക്ക് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോടായിരുന്നു ഗോകുലം തോറ്റത്. 2-1 എന്ന സ്‌കോറിനായിരുന്നു ഗോകുലത്തിന്റെ തോൽവി. അവസാന മത്സരത്തിലെ തോൽവിയുടെ ക്ഷീണം ജയത്തോടെ തീർക്കാൻ മോഹിച്ചായിരുന്നു ഗോകുലം എത്തിയതെങ്കിലും മത്സരത്തിൽ ജയം നേടാൻ കഴിഞ്ഞില്ല.
ആദ്യ പകുതിയിൽ ഗോൾ നേടാനായി ഗോകുലത്തിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷങ്ങിലെ പോരായ്മ തിരിച്ചടിയായി. 21ാം മിനുട്ടിൽ ലാൽറെമുവാത്ത റാൽട്ടെയുടെ ഗോളിൽ ചർച്ചിൽ ബ്രദേഴ്‌സായിരുന്നു മുന്നിലെത്തിയത്. ഒരു ഗോൾ വഴങ്ങിയതോടെ ഗോകുലം സമനിലക്കായി പൊരുതി നോക്കിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ഗോകുലം രണ്ടാം പകുതിയിൽ മികച്ച നീക്കങ്ങൾ നടത്തി. എന്നാൽ ഗോൾ മാത്രം വന്നില്ല. സമനിലക്കായി പൊരുതുന്നതിനിടെ 62-ാം മിനുട്ടിൽ ചർച്ചിൽ ബ്രദേഴ്‌സിന്റെ രണ്ടാം ഗോളും വന്നു. എന്നിട്ടും കീഴ്ടങ്ങാൻ തയ്യാറാകാതിരുന്ന ഗോകുലം ഗോളിനായി പൊരുതിക്കൊണ്ടിരുന്നു. എന്നാൽ 94ാം മിനുട്ടിലായിരുന്നു ഗോകുലം ഒരു ഗോൾ നേടിയത്. ഇതോടെ സ്‌കോർ 2-1 എന്നായി. പിന്നീട് ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ ഗോകുലത്തിന് സമയം ലഭിച്ചില്ല. ഇതോടെ തോൽവി സമ്മതിക്കുകയായിരുന്നു.
13 മത്സരത്തിൽനിന്ന് 26 പോയിന്റുള്ള ചർച്ചിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇത്രയും മത്സരത്തിൽനിന്ന് 19 പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തുമുണ്ട്. 12ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ റിയൽ കശ്മീരിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. ” മത്സരത്തിലെ ചില പിഴവുകളായിരുന്നു ടീമിന് തിരിച്ചടിയായത്. നേരത്തെ തീരുമാനിച്ച പദ്ധതികൾ നടപ്പാക്കൻ കഴിഞ്ഞുവെങ്കിലും എതിർ ടീമിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായത്” പരിശീലകൻ അന്റോണിയോ റുവേഡ വ്യക്തമാക്കി.