കോഴിക്കോട്, ജനുവരി 28: ഗോകുലം കേരള എഫ്‌സി അവരുടെ ഹീറോ ഐ-ലീഗ് 2022-23 മത്സരത്തിൽ ഞായറാഴ്ച (ജനുവരി 29, 2023) കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ മുംബൈ ക്ലബ് കെങ്ക്രെ എഫ്‌സിയെ വൈകുനേരം 4:30 നു നേരിടും.
ഗോകുലം കേരള എഫ്‌സി 21 പോയിന്റുമായി നാലാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാൻ ഫുട്‌ബോൾ ക്ലബ്ബുമായുള്ള പോയിന്റ് വ്യത്യാസം ഒരു പോയിന്റായി കുറയ്ക്കാൻ മലബാറുകാർക്ക് അടുത്ത മത്സരത്തിലെ ജയം സഹായിക്കും.
ഒരാഴ്ച മുമ്പ് കോഴിക്കോട്ട് നടന്ന തങ്ങളുടെ അവസാന ഐ ലീഗ് മത്സരത്തിൽ റിയൽ കാശ്മീർ എഫ് സിയെ 2-0 ന് പരാജയപെടുത്തിയതിനു ശേഷമാണ് ഗോകുലം ലീഗിൽ തങ്ങളുടെ കുതിപ്പ് വീണ്ടെടുത്തത്. അതേസമയം കെങ്ക്രെ എഫ് സി പതിമൂന്നു പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗോകുലത്തിന്റെ പുതിയ വിദേശ റിക്രൂട്ട്‌മെന്റുകൾ ടൈറ്റിൽ റേസിൽ തുടരാൻ അവരെ സഹായിച്ചു.
“ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമാണ്. ടൈറ്റിൽ റേസ് തുറന്ന് സൂക്ഷിക്കേണ്ടതുണ്ട്, ഓരോ മത്സരവും ഞങ്ങൾക്ക് നിർണായക മത്സരമാണ്, ”ഗോകുലം കേരള എഫ്‌സി ഹെഡ് കോച്ച് ഫ്രാൻസെസ് ബോണറ്റ് പറഞ്ഞു.
അറ്റാക്കിങ് പ്ലയേഴ്‌സായ ജോബി ജസ്റ്റിൻ, എൽദാർ, സെർജിയോ മെൻഡി, ഒമർ റാമോസ് എന്നിവരിലാണ് സ്പാനിഷ് പരിശീലകന്റെ പ്രതീക്ഷ . കേരള താരം താഹിർ സമാനും ക്യാപ്റ്റൻ അമീനൗ ബൗബയും മികച്ച ഫോമിലാണ്.
മത്സരം വൈകിട്ട് 4.30 മുതൽ 24 ന്യൂസ്, യൂറോസ്‌പോർട്ട്, ഡിഡി സ്‌പോർട്‌സ് എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.