കോഴിക്കോട്: ഐ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോളിലാറാടി ഗോകുലം കേരള. അവസാന മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റ ക്ഷീണം തീർക്കാൻ ഇറങ്ങിയ ഗോകുലം 6 – 2 നാണ് ജയിച്ചു കയറിയത്. വിദേശ താരം സ്റ്റാനി സാവിച്ചിൻ്റെ ഹാട്രിക്കായിരുന്നു മലബാറിയൻസിന് കരുത്തായത്.
പതിയെയായിരുന്നു ഇരു ടീമുകളും മത്സരം തുടങ്ങിയത്. മൂന്നാം മിനുട്ടിൽ തന്നെ ഗോകുലത്തിനെ ഞെട്ടിച്ച് ഇൻ്റർ കാശി മത്സരത്തിലെ ആദ്യ ഗോൾ നേടി. ബ്രൈസ് മിറാൻഡയായിരുന്നു ഇൻ്റർ കാശിക്കായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ പൊരുതിക്കളിച്ച ഗോകുലം ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. പത്താം മിനുട്ടിൽ സ്റ്റാനി സാവിച്ചായിരുന്നു മലബാറിയൻസിനായി സമനില ഗോൾ നേടിയത്. പോരാട്ടം സമനിലയിലായതോടെ ഇരു ടീമുകളുടെയും മുന്നേറ്റത്തിന് ശക്തി കൂടി. മത്സരം പുരോഗമിക്കവെ ഇൻ്റർ കാശി രണ്ടാം ഗോളും നോക്കുലത്തിൻ്റെ വലയിലെത്തിച്ചു. ബബോവിച്ചായിരുന്നു ഇൻ്റർ കാശിയുടെ രണ്ടാം ഗോളിനവകാശി. 27-ാം മിനുട്ടിലായിരുന്നു ഗോൾ പിറന്നത്.
എന്നാൽ ഇൻ്റർ കാശിയുടെ ലീഡ് അധികം നീണ്ടുനിന്നില്ല. 30 മിനുട്ടിൽ കിടിലൻ ഒരു ഗോളിലൂടെ സ്റ്റാനി സാവിച്ച് ഗോകുലത്തിന് സമനില സമ്മാനിച്ചു. സ്കോർ 2 – 2. പോരാട്ടം സമനിലയിലായതോടെ ഇരു ടീമുകളും പന്ത് ഹോൾഡ് ചെയ്ത് കളിക്കാൻ തുടങ്ങി . ഗോകുലത്തിന് ഗോൾ നേടാൻ വീണ്ടും അവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ലീഡ് നേടാൻ പൊരുതിയ മലബാറിയൻസ് ഒടുവിൽ ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ അധിക സമയത്ത് അബ ലഡയിലൂടെ മലബാറിയൻ സ് മൂന്നാം ഗോൾ ഇൻ്റർ കാശിയുടെ വലിയ ലെത്തിച്ചു. സ്കോർ 3-2.
ഒരു ഗോളിൻ്റെ ലീഡുമായി മത്സരം തുടങ്ങിയ ഗോകുലം രണ്ടാം പകുതിയിൽ സമ്പൂർണ ആധിപത്യമായിരുന്നു നടത്തിയത്. 50-ാം മിനുട്ടിൽ സെർജിയോ ലാ മാസിൻ്റെ ഗോൾ കൂടി വന്നതോടെ ഗോകുലം 4 – 2 ന് മുന്നിലെത്തി. പിന്നീട് മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത മലബാറിയൻ സ് കൃത്യമായ ഇടവേളകളിൽ ലീഡ് ഇരട്ടിയാക്കിക്കൊണ്ടിരുന്നു. മത്സരം പുരോഗമിക്കവെ സിനിസാസ് സ്റ്റാനി സാവിച്ച് ഹാടിക് പൂർത്തിയാക്കി സ്കോർ 5-2 എന്നാക്കി മാറ്റി.
പിന്നീട് സമ്മർദങ്ങളില്ലാതെ കളിച്ച ഗോകുലം ഇഞ്ചുറി ടൈമിലായിരുന്നു ആറാം ഗോൾ നേടിയത്. 95 മിനുട്ടിലായിരുന്നു അബ ലഡയുടെ ഗോൾ . പത്ത് മത്സരത്തിൽ നിന്ന് 17 പോയിൻ്റുള്ള ഗോകുലം പട്ടികയിൽ നാലാമതാണിപ്പോൾ.