ഐ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. അവസാന മത്സരത്തിൽ ഷില്ലോങ് ലജോങ്ങിൽനിന്നേറ്റ തോൽവിയുടെ ക്ഷീണം തീർക്കാൻ മലബാറിയൻസിന് ഇന്ന് ജയം അനിവാര്യമാണ്. അവസാന മത്സരത്തിൽ ലജോങ്ങിനെതിരേ പൊരിതിയെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3-4 എന്ന സ്‌കോറിനായിരുന്നു തോൽവി വഴങ്ങിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഫ്രീ കിക്കിൽനിന്നായിരുന്നു ലജോങ്ങിന്റെ ഗോൾ വന്നത്.
17 മത്സരം പൂർത്തിയായപ്പോൾ ഏഴ് മത്സരത്തിലാണ് ഗോകുലം ജയിച്ചു കയറിയത്. നാലു മത്സരം സമനിലയാവുകയും ആറു മത്സരത്തിൽ തോൽക്കുകയും ചെയ്തു. 25 പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് ഇപ്പോൾ ടീം. പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാൻ എഫ്.സിയേയാണ് ഗോകുലം ഇന്ന് നേരിടുന്നത്. കോഴിക്കോട് നടന്ന ഹോം മത്സരത്തിൽ ഗോകുലത്തിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. അന്ന് ഗോൾ രഹിതമായിട്ടായിരുന്നു മത്സരം അവസാനിച്ചത്. മാർച്ച് ഒന്നിന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനോട് വലിയ തോൽവി വഴങ്ങിയാണ് രാജസ്ഥാൻ എത്തുന്നത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ജയത്തോടെ തിരിച്ചുവരുക എന്ന ഉദ്യോശ്യത്തോടെയാകും ഇരു ടീമുകളും കളത്തിലിറങ്ങുക. ഇരു ടീമുകളും ജയത്തിനായി പൊരുതുമ്പോൾ മികച്ചൊരു ക്ലാസിക് പ്രതീക്ഷിക്കാം. വൈകുന്നേരം 4.30ന് മത്സരം ആരംഭിക്കും.