എ എഫ് സി ചാമ്പ്യൻസ് ലീഗിലെ എഫ് സി ഗോവയുടെ യാത്രക്ക് പരാജയത്തോടെ അവസാനം. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കരുത്തരായ അൽ വഹ്ദയോട് അനായാസം ഗോവ പരാജയപ്പെട്ടു. വിദേശ താരങ്ങളും പരിശീലകൻ ഫെറാണ്ടോയും ഇല്ലാതെ ഇറങ്ങിയ ഗോവയ്ക്ക് ഇന്ന് തുടക്കം മുതൽ പ്രതിരോധത്തിൽ ഊന്നി നിൽക്കേണ്ടി വന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ വഹ്ദ വിജയിച്ചത്.
ആദ്യ പകുതിയിൽ ഗോളില്ലാതെ പിടിച്ചു നിൽക്കാൻ ഗോവയ്ക്കായി. എന്നാൽ രണ്ടാം പകുതിയിൽ ഗോവൻ പ്രതിരോധം വീണു. 61ആം മിനുട്ടിൽ ഖിർബിൻ, 90ആം മിനുട്ടിൽ ബർകേഷ് എന്നിവരാണ് വഹ്ദയ്ക്കായി ഗോൾ നേടിയത്. 3 പോയിന്റുള്ള ഗോവയ്ക്ക് ഗ്രൂപ്പിൽ മൂന്നാം സ്ഥാനം നേടാൻ ആയി. 15 പോയിന്റുമായി പെർസെ പൊലിസ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരും 13 പോയിന്റുമായി അൽ വഹ്ദ രണ്ടാമതും ഫിനിഷ് ചെയ്തു.