ക്രിസ്റ്റൽ പാലസ് പരിശീലകൻ ഒലിവർ ഗ്ലാസ്നർ ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ്ബ് വിടുമെന്ന് വെള്ളിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു. തന്റെ കരാർ അവസാനിക്കുന്ന ജൂണിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസിന് എഫ്.എ കപ്പും പിന്നാലെ കമ്മ്യൂണിറ്റി ഷീൽഡും നേടിക്കൊടുത്ത ഗ്ലാസ്നർ, ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഒരു കാലഘട്ടത്തിന് ശേഷമാണ് പടിയിറങ്ങുന്നത്. 2024 ഫെബ്രുവരിയിൽ റോയ് ഹോഡ്‌സണിന് പകരക്കാരനായി ചുമതലയേറ്റ അദ്ദേഹം പാലസിനെ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തെത്തിക്കുകയും ചെയ്തിരുന്നു.
ക്ലബ്ബ് നായകൻ മാർക്ക് ഗുഹി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾക്കിടയിലാണ് പരിശീലകന്റെ ഈ പ്രഖ്യാപനം വരുന്നത്.









