മഞ്ഞപ്പട അറേബ്യൻ ഫുട്ബോൾ ലീഗിൽ ഷാർജ തമ്പുരാൻസ് ജേതാക്കൾ

യു.എ.ഇ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് മഞ്ഞപ്പട അറേബ്യൻ ഫുട്ബോൾ ലീഗിൽ ജേതാക്കളായി ഷാർജ തമ്പുരാൻസ്. അജ്‌മാൻ ക്വാട്രോ സ്പോർട്സ് സെന്ററിൽ നടന്ന ആവേശകരമായ ഫൈനലിൽ ടോസ്സിൽ അൽ ഐൻ സുൽത്താൻസിനെ മറികടന്നാണ് ഷാർജ തമ്പുരാൻസ് വിജയികളായത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലും 2-2 ന് സമനില ആയതോടെയാണ് ടോസിലൂടെ ഷാർജ തമ്പുരാൻസ് വിജയികളായത്.

റോയൽ ക്യാപിറ്റൽ എഫ്.സി അബുദാബിയെ  സെമി ഫൈനലിൽ 3-1ന് തോൽപ്പിച്ചാണ് ഷാർജ തമ്പുരാൻസ് ഫൈനലിന് യോഗ്യത നേടിയത്. രണ്ടാം സെമിയിൽ ഫുജൈറ ഫാൽകൺസിനെ തോൽപ്പിച്ചാണ് അൽ ഐൻ സുൽത്താൻസ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.

അൽ ഐൻ സുൽത്താൻസിലെ ലുക്മാൻ ആണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. ടൂർണമെന്റിലെ മികച്ച താരം അൽ ഐൻ സുൽത്താൻസിലെ മുനീർ ആണ്. അൽ ഐൻ സുൽത്താൻസിന്റെ ഗോൾ വല കാത്ത ഇൻസമാം ആണ് മികച്ച ഗോൾ കീപ്പർ.