ആഴ്‌സണലിന്റെ ബ്രസീലിയൻ പ്രതിരോധതാരം ഗബ്രിയേൽ മഹഗലാസ് ദേശീയ ക്യാമ്പ് വിട്ടു. ഇന്നലെ ആഴ്‌സണലിന്റെ തന്നെ ഹോം ഗ്രൗണ്ട് ആയ എമിറേറ്റ്‌സിൽ നടന്ന ബ്രസീൽ സെനഗൽ സൗഹൃദ മത്സരത്തിൽ ആണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ടുണീഷ്യക്ക് എതിരെ ഫ്രാൻസിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഗബ്രിയേൽ കളിക്കില്ല. താരത്തിന് തുടയിൽ പരിക്ക് സ്ഥിരീകരിച്ച ബ്രസീൽ താരത്തിന് പകരം ആരെയും ടീമിലേക്ക് വിളിച്ചിട്ടില്ല.

സീസണിൽ ഉഗ്രൻ ഫോമിലുള്ള താരത്തിന്റെ പരിക്ക് ഇതിനകം പരിക്കുകൾ വേട്ടയാടുന്ന ആഴ്‌സണലിന് ആശങ്കയാണ്. താരത്തിന്റെ പരിക്ക് ഗുരുതരമാവരുത് എന്നാവും ആഴ്‌സണൽ പ്രതീക്ഷിക്കുന്നത്. നിലവിൽ താരം അടുത്ത ആഴ്ച നടക്കുന്ന നോർത്ത് ലണ്ടൻ ഡാർബിയിൽ ടോട്ടനത്തിന് എതിരെ കളിക്കില്ല എന്നാണ് സൂചന. നേരത്തെ മറ്റൊരു ആഴ്‌സണൽ പ്രതിരോധ താരമായ റിക്കാർഡോ കാലഫിയോരിയും ഇറ്റാലിയൻ ടീമിൽ നിന്നു ആഴ്‌സണലിലേക്ക് തിരിച്ചു വന്നിരുന്നു. നിലവിൽ താരത്തിന് പരിക്കില്ലെന്നാണ് ക്ലബ് നടത്തിയ ടെസ്റ്റുകൾ സൂചിപ്പിക്കുന്നത്.














