സന്തോഷ് ട്രോഫിയിൽ ജി.സഞ്ജു കേരള ടീമിന്റെ നായകൻ

Newsroom

Resizedimage 2026 01 15 17 24 14 1

കൊച്ചി: സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ 79ാം പതിപ്പിൽ കേരള ടീമിനെ ജി. സഞ്ജു നയിക്കും. എറണാകുളം സ്വദേശിയായ പ്രതിരോധ താരത്തിന്റെ തുടർച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്. കഴിഞ്ഞവർഷത്തെ കേരള ടീമിന്റെ നായകനായിരുന്നു കേരള പൊലീസ് താരമായ സഞ്ജു. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്.സിയുടെ പ്രതിരോധ മുഖമായിരുന്നു. 22 അംഗ ടീമിൽ 9 പേർ പുതുമുഖങ്ങളാണ്. നിലവിലെ റണ്ണർഅപ്പായ ടീമിലെ  താരങ്ങൾക്കൊപ്പം എസ്.എൽ.കെയിലെ മികച്ച പ്രകടനം നടത്തിയ താരങ്ങളും ടീമിലുണ്ട്.  പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ ടീമിനെ പ്രഖ്യാപിച്ചു.

Resizedimage 2026 01 15 17 23 59 1

ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസാണ് സഹപരിശീലകൻ. മുൻ ഇന്ത്യൻ താരം കെ.ടി ചാക്കോ ഗോൾകീപ്പർ കോച്ച്, ഫിസിയോ അഹമ്മദ് നിഹാൽ റഷീദ്, വീഡിയോ അനലിസ്റ്റ് കിരൺ നാരായണൻ എന്നിവരാണ് മറ്റ് ഒഫീഷ്യൽസ്. ചടങ്ങിൽ ടീമിന്റെ പുതിയ ജഴ്സിയും തീം സോംഗും പുറത്തിറക്കി. ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ആണ് ടീമിൻ്റെ ടൈറ്റിൽ സ്പോൺസർ.  ചടങ്ങിൽ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.പി. ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഇസ്മയിൽ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാൾ അസോസിയേഷൻ ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറർ റെജിനാൾഡ് വർഗീസ്, ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ സംസാരിച്ചു.

കേരള ടീം: ഗോൾകീപ്പർമാർ: ടി.വി. അൽകേഷ് രാജ് (സെൻട്രൽ എക്സൈസ്- തൃശൂർ), എസ്.ഹജ്മൽ (കെ.എസ്.ഇ.ബി- പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം എഫ്.സി- മലപ്പുറം). പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ്- എറണാകുളം), എം. മനോജ് (കാലിക്കറ്റ് എഫ്.സി- തിരുവനന്തപുരം), അജയ് അലക്സ് (സെൻട്രൽ എക്സൈസ്- എറണാകുളം), ബിബിൻ അജയൻ (തൃശൂർ മാജിക് എഫ്.സി- എറണാകുളം), എസ്. സന്ദീപ് (കണ്ണൂർ വാരിയേഴ്സ്- മലപ്പുറം), അബ്ദുൾ ബാദിഷ് (തിരുവനന്തപുരം കൊമ്പൻസ്- മലപ്പുറം), തേജസ് കൃഷ്ണ (തൃശൂർ മാജിക് എഫ്.സി- പാലക്കാട്). മധ്യനിര: എം.എം. അർജുൻ (കണ്ണൂർ വാരിയേഴ്സ് എഫ്.സി- തൃശൂർ), വി. അർജുൻ (കെ.എസ്.ഇ.ബി- കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂർ വാരിയേഴ്സ്- എറണാകുളം), എം. വിഘ്നേഷ് (കെ.എസ്.ഇ.ബി- തിരുവനന്തപുരം), എൻ.എ. അബൂബക്കർ ദിൽഷാദ് (റിയൽ മലബാർ എഫ്.സി- കാസർകോട്). മുന്നേറ്റനിര: ടി. ഷിജിൻ (കണ്ണൂർ വാരിയേഴ്സ്- തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കേരള ബ്ലാസ്റ്റേഴ്സ്- കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ്- പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കറ്റ് എഫ്.സി- പാലക്കാട്), എം.പി. മുഹമ്മദ് സിനാൻ (കണ്ണൂർ വാരിയേഴ്സ്- പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കറ്റ് എഫ്.സി- മലപ്പുറം), എൻ.എ. മുഹമ്മദ് അഷർ (തിരുവനന്തപുരം കൊമ്പൻസ്- തൃശൂർ).

ഏഴ് തവണ ചാമ്പ്യന്മാരായ കേരളം കഴിഞ്ഞ തവണ ഒരു ഗോളിന് നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനാണ് ഇത്തവണ അസമിലേക്ക് പുറപ്പെടുന്നത്. 21നാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ കിക്കോഫ്. 22ന് മുൻ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. അസമിലെ സിലാപത്തർ, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. ടീം 19ന് കൊച്ചിയിൽനിന്ന് പുറപ്പെടും.