ബ്രസീലിയൻ ഫുട്ബോളിന് കനത്ത തിരിച്ചടി. റിയോ ഡി ജനീറോ കോടതി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസിനെ പുറത്താക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ തൊഴിൽ കരാറിൽ കൃത്രിമം നടന്നുവെന്ന സംശയത്തെ തുടർന്നാണ് നടപടി. റോഡ്രിഗസിന്റെ 2025 ലെ കരാറിൽ ഒപ്പുവെച്ചയാൾക്ക് മാനസികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും അതിനാൽ കരാർ അസാധുവാണെന്നും കോടതി വ്യക്തമാക്കി. പുതിയ തിരഞ്ഞെടുപ്പ് നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സിബിഎഫിന്റെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റാണ് റോഡ്രിഗസ്. 2022 ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ആരോപിച്ച് 2023 ൽ സമാനമായ ഒരു പുറത്താക്കൽ അദ്ദേഹം അതിജീവിച്ചിരുന്നു. എന്നാൽ ഫിഫയുടെയും കോൺമെബോളിന്റെയും സമ്മർദ്ദത്തെ തുടർന്ന് സുപ്രീം കോടതി ജഡ്ജി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു.
രാഷ്ട്രീയപരമായ ഇടപെടലുകൾ ഉണ്ടായാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഫിഫയും കോൺമെബോളും മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ മാർച്ചിൽ റൊണാൾഡോ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിനെ തുടർന്ന് 2030 വരെ ഏകകണ്ഠമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രാദേശിക ഫെഡറേഷൻ നേതാക്കൾക്ക് ശമ്പളം വർദ്ധിപ്പിച്ച് വോട്ട് നേടിയെന്ന ആരോപണം റോഡ്രിഗസിനെതിരെ ഉയർന്നിരുന്നു. റയൽ മാഡ്രിഡ് പരിശീലകൻ കാർലോസ് ആഞ്ചലോട്ടിയെ ബ്രസീലിന്റെ അടുത്ത മാനേജരായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി വരുന്നത്.