ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ അസർബൈജാനെ 3-1 നു തോൽപ്പിച്ചു ഫ്രാൻസ്. ഇതിനകം യോഗ്യത നേടിയതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയാണ് ഫ്രാൻസ് ഇറങ്ങിയത്. നാലാം മിനിറ്റിൽ സ്വന്തം മൈതാനത്ത് അസർബൈജാനു സ്വപ്ന തുടക്കം ആണ് റെനറ്റ് ദാദാഷോവ് നൽകിയത്. ഗോൾ വഴങ്ങിയെങ്കിലും ഫ്രാൻസ് പതറിയില്ല.

17 മത്തെ മിനിറ്റിൽ മലോ ഗുസ്റ്റയുടെ പാസിൽ നിന്നു ജീൻ ഫിലിപ്പ് മറ്റെറ്റ ഫ്രാൻസിന് ആയി സമനില ഗോൾ നേടി. 30 മത്തെ മിനിറ്റിൽ ഗുസ്റ്റയുടെ തന്നെ പാസിൽ നിന്നു ഗോൾ നേടിയ അക്ലിലോചെ ഫ്രാൻസിന് മത്സരത്തിൽ മുൻതൂക്കവും നൽകി. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് സെൽഫ് ഗോൾ കൂടി ആയതോടെ ഫ്രാൻസ് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ ഫ്രാൻസ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും അസർബൈജാൻ കൂടുതൽ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കുക ആയിരുന്നു.














